SHARE

പന്ത്രണ്ടാം എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‌ തിരിച്ചടിയായത് അവരുടെ മോശം ടീം സെലക്ഷനാണെന്ന് മുൻ ബാംഗ്ലൂർ നായകനും ഇന്ത്യൻ ഇതിഹാസ താരവുമായ അനിൽകുംബ്ലെ. കഴിഞ്ഞ ദിവസം ക്രിക്കറ്റ് നെക്സ്റ്റിനോട് സംസാരിക്കവെയാണ് കുംബ്ലെ ഇക്കാര്യം തുറന്ന് പറഞ്ഞത്.

ബാംഗ്ലൂർ ടീമിന്റെ ബുദ്ധികേന്ദ്രങ്ങൾക്ക് ഇത്തവണ പല മത്സരങ്ങളിലും ശരിയായ ടീംസെലക്ഷൻ നടത്താൻ കഴിഞ്ഞില്ലെന്നാണ് കുംബ്ലെയുടെ പക്ഷം. ഇത് സീസണിൽ അവരെ തുടർച്ചയായി വേട്ടയാടിക്കൊണ്ടിരുന്നെന്നും കുംബ്ലെ കൂട്ടിച്ചേർത്തു. ഡെയിൽ സ്റ്റെയിന് പരിക്കേറ്റതും, മോയിൻ അലി ടൂർണമെന്റിനിടയിൽ മടങ്ങിയതും ബാംഗ്ലൂരിന് തിരിച്ചടിയായതായി കുംബ്ലെ ചൂണ്ടിക്കാട്ടുന്നു.

മുൻ ബാംഗ്ലൂർ നായകനായ കുംബ്ലെയുടെ വാക്കുകൾ ഇങ്ങനെ, “റോയൽ ചലഞ്ചേഴ്സിന്റെ ടീം സെലക്ഷനുകൾ അവർ പ്രതീക്ഷിച്ച ഫലത്തിലേക്ക് ഇത്തവണ എത്തിച്ചില്ല. ചില മത്സരങ്ങളിൽ മൂന്ന്‌വിദേശ താരങ്ങളെ മാത്രമേ അവർ ടീമിൽ ഉൾപ്പെടുത്തിയുള്ളൂ. ബാറ്റിംഗാകട്ടെ വിരാട് കോഹ്ലിയേയും, എബി ഡിവില്ലിയേഴ്സിനേയും അമിതമായി ആശ്രയിച്ചിരുന്നു. ഇവരിരുവരും പരാജയപ്പെട്ട മത്സരങ്ങളിൽ മികവ് പുറത്തെടുക്കാൻ മറ്റ് താരങ്ങൾക്കും കഴിഞ്ഞില്ല. ടീമിന്റെ ബോളിംഗും മോശമായിരുന്നു. സീനിയർ ബോളറായ ഉമേഷ് യാദവിന്റെ സ്ഥിരതയില്ലായ്മയും ടീമിന് കനത്ത തിരിച്ചടിയായി. ” കുംബ്ലെ പറഞ്ഞുനിർത്തി.