SHARE

ലോകകപ്പിന് മുൻപ് ഇന്ത്യൻ ടീം നടത്തിയ പരീക്ഷണങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ നായകനും, ടീമിന്റെ പരിശീലകനുമായിരുന്ന അനിൽ കുംബ്ലെ. ടീമിന്റെ നാലാം നമ്പരിൽ നായകൻ നടത്തിയ പരീക്ഷണങ്ങളിലാണ് പ്രധാനമായും കുംബ്ലെയ്ക്ക് അതൃപ്തിയുള്ളത്. ടീമിന്റെ നാലാം നമ്പർ സ്ഥാനം ഇതേ വരെ ആർക്കെന്ന് ഉറപ്പിക്കാനായിട്ടില്ലാത്ത സാഹചര്യത്തിൽ മഹേന്ദ്ര സിംഗ് ധോണി ആ പൊസിഷനിൽ ബാറ്റിംഗിനിറങ്ങണമെന്നാണ് കുംബ്ലെ പറയുന്നത്.

സമീപകാലത്ത് ഇന്ത്യ ഏകദിന ക്രിക്കറ്റിൽ കൈവരിച്ച നേട്ടങ്ങൾക്കെല്ലാം പ്രധാന കാരണം ടീമിന്റെ ആദ്യ മൂന്ന് ബാറ്റ്സ്മാന്മാരുടെ പ്രകടനമാണെന്ന് കുംബ്ലെ പറയുന്നു‌. ധവാൻ, രോഹിത്, കോഹ്ലി എന്നീ ആദ്യ മൂന്ന് സ്ഥാനക്കാർ കഴിഞ്ഞ് ടീമിന്റെ നാലാം സ്ഥാനത്ത്‌ ധോണി കളിക്കാനിറങ്ങട്ടെ എന്നും കുംബ്ലെ നിർദ്ദേശിക്കുന്നു. ഇപ്പോളത്തെ സാഹചര്യത്തിൽ ഇന്ത്യൻ ടീമിന്റെ നാലാം നമ്പരിൽ ബാറ്റ് ചെയ്യാൻ ധോണിയേക്കാൾ അനുയോജ്യനായ മറ്റ് താരമില്ലെന്നും കുംബ്ലെ‌ കൂട്ടിച്ചേർത്തു.

” എന്റെ അഭിപ്രായത്തിൽ ഒരു ടീമിന്റെ ആദ്യ 4 ബാറ്റ്സ്മാന്മാരാണ് 70% -80% വിജയങ്ങൾക്കും കാരണം. അത് കൊണ്ട് തന്നെ ഏറ്റവും മികച്ച താരങ്ങൾ തന്നെയാവണം ആദ്യ നാല്‌ സ്ഥാനങ്ങളിൽ കളിക്കാനിറങ്ങേണ്ടത്. ഇതിനാലാണ് ധോണി നാലാം നമ്പരിൽ കളിക്കാനെത്തണമെന്ന് താൻ പറയുന്നത്. ” കുംബ്ലെ പറഞ്ഞുനിർത്തി.