SHARE

കളിക്കളത്തില്‍ ബാറ്റ്‌സ്മാന്‍മാരെ നിരീക്ഷിക്കാന്‍ പുതിയ വിദ്യയുമായി ഇന്ത്യന്‍ ഇതിഹാസ സ്പിന്നര്‍ അനില്‍ കുംബ്ലെ. താരത്തിന്റെ ഉടമസ്ഥതയിലുള്ള സ്‌പെക്റ്റാകോം ടെക്‌നോളജി ഈ വര്‍ഷം തമിഴ്‌നാട് പ്രീമിയര്‍ ലീഗിലാണ് പരീക്ഷിക്കപ്പെടുന്നത്. ഒരു താരം ബാറ്റ് ചെയ്യുന്ന സ്പീഡ്, പവര്‍, പന്ത് ഏറ്റവും അനുയോജ്യമായ ഭാഗത്താണോ ബാറ്റില്‍ തട്ടിയത് എന്നെല്ലാം ഇതുവഴി പരീക്ഷിക്കാമെന്നാണ് കുംബ്ലെ അവകാശപ്പെടുന്നത്.

ഒരു സ്മാര്‍ട്ട് സ്റ്റിക്കര്‍ വഴിയാണ് ടെക്‌നോളജി പ്രവര്‍ത്തിക്കുന്നത്. ഈ സ്റ്റിക്കര്‍ പതിക്കുന്നതോടെ ബാറ്റ് സ്മാര്‍ട്ടായി മാറും. അതോടെ ഒരു താരത്തിന്റെ ബാറ്റിംഗിനെ നിരീക്ഷിക്കാന്‍ കഴിയും. പുതിയ ടെക്‌നോളജി പരീക്ഷണാടിസ്ഥാനത്തില്‍ പ്രയോഗിക്കാന്‍ അവസരം നല്‍കിയ തമിഴ്‌നാട് പ്രീമിയര്‍ ലീഗ് അധികൃതരോടുള്ള നന്ദി കുംബ്ലെ തുറന്നു പറഞ്ഞു. ‘ സ്‌പെക്റ്റാകോം ടെക്‌നോളജി ടൂര്‍ണ്ണമെന്റില്‍ പരീക്ഷിക്കാന്‍ അവസരം തന്ന ടി എന്‍ പി എല്‍ അധികൃതരോട് വലിയ നന്ദിയുണ്ട്, സെന്‍സര്‍ ബേസ്ഡ് ആയി പ്രവര്‍ത്തിക്കുന്ന ടെക്‌നോളജിയാണിത്’ – കുംബ്ലെ വ്യക്തമാക്കി.

ജൂലൈ 11 മുതല്‍ 12 വരെയാണ് ഡിണ്ഡിഗല്‍, തിരുനെല്‍വേലി, ചെന്നൈ എന്നിവിടങ്ങളിലായി തമിഴ്‌നാട് പ്രീമിയര്‍ ലീഗ് നടക്കുന്നത്. എട്ടു ടീമുകളാണ് ടൂര്‍ണ്ണമെന്റില്‍ ഏറ്റുമുട്ടുന്നത്. 1990ല്‍ ഇന്ത്യയക്ക് വേണ്ടി അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച കുംബ്ലെ 132 ടെസ്റ്റ് മത്സരങ്ങളും 271 ഏകദിന മത്സരങ്ങളുമാണ് കളിച്ചിട്ടുള്ളത്. ടെസ്റ്റില്‍ 619 വിക്കറ്റുകളും ഏകദിനത്തില്‍ 337 വിക്കറ്റുകളും അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. നിലവില്‍ ഐ സി സി ക്രിക്കറ്റ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയാണ് ഈ ഇന്ത്യന്‍ ഇതിഹാസം.