SHARE

ലോകകപ്പ് യോ​ഗ്യതാറൗണ്ടിലെ ശേഷിക്കുന്ന മത്സരങ്ങൾ കളിക്കാൻ ഇന്ത്യ നാളെ ഖത്തറിലേക്ക് പുറപ്പെടുകയാണ്. ഖത്തർ, അഫ്​ഗനിസ്ഥാൻ, ബം​ഗ്ലാദേശ് എന്നിവരാണ് ഇനി ഇന്ത്യയുടെ എതിരാളി. ലോകകപ്പ് പ്രതീക്ഷകളൊക്കെ ഏതാണ്ടവസാനിച്ചെങ്കിലും ഈ മൂന്ന് മത്സരങ്ങളും വിജയിച്ചാൽ ഏഷ്യാ കപ്പിന് നേരിട്ട് യോ​ഗ്യത നേടാം.

28 അം​ഗ ഇന്ത്യൻ സംഘമാണ് നാളെ ഖത്തറിലേക്ക് പുറപ്പെടുക. എന്നാൽ ഇതുവരെ സ്ക്വാഡ് പ്രഖ്യാപിച്ചിട്ടില്ല. ഇന്ന് നടന്ന് കോവിഡ് പരിശോധനയുടെ ഫലം കൂടി വന്നശേഷമെ സ്ക്വാഡ് പ്രഖ്യാപിക്കു എന്നാണ് സൂചന. അതേസമയം മികച്ച താരങ്ങളടങ്ങിയ സ്ക്വാഡ് പ്രഖ്യാപിച്ചാലും മത്സരങ്ങൾക്കുള്ള ടീമിനെ തിരഞ്ഞെടുക്കാൻ പരിശീലകൻ ഇ​ഗോർ സ്റ്റിമാച്ച് ഏറെ ബുദ്ധിമുട്ടേണ്ടിവരുമെന്നാണ് മധ്യനിരതാരം അനിരുദ്ധ് ഥാപ പറഞ്ഞത്. ഒരു ഓൺലൈൻ പത്രസമ്മേളനത്തിലാണ് ഥാപ ഇക്കാര്യം പറഞ്ഞത്.

മത്സരങ്ങൾക്കുള്ള മികച്ച ടീമിനെ തിരഞ്ഞെടുക്കാൻ സ്റ്റിമാച്ച് വല്ലാതെ ബുദ്ധിമുട്ടേണ്ടിവരും, കാരണം ‍ഞങ്ങളൊക്കെ കളിച്ചിട്ട് തന്നെ രണ്ട് മാസത്തോളമായി, ഇത് ഞങ്ങൾ കളിക്കാരേയും ബാധിക്കും, കാരണം രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമണ് കളിക്കുന്നതെന്ന കാര്യം എപ്പോഴും മനസിലുണ്ടാകും, അതിനാൽ തന്നെ പരുക്കേൽക്കുമോയെന്ന ആശങ്കയുമുണ്ടാകും, സാഹചര്യത്തോടെ എങ്ങനെ പ്രതികരിക്കുമെന്നത് ഏറെ പ്രധാനമാണ്, ഥാപ പറഞ്ഞു.

കളിക്കാരെല്ലാം ഇപ്പോൾ ശാരീരികമായി ഫിറ്റാണെന്നും കൃത്യമായ ഫിറ്റ്നെസ് പരിപാടികൾ ഉണ്ടെന്നും അതെല്ലാം കളിക്കാർ പിന്തുടരുന്നുണ്ടെന്നും ഥാപ പറഞ്ഞു. ഖത്തറിലെത്തിയശേഷം ചില തയ്യാറെടുപ്പ് മത്സരങ്ങൾ കളിച്ചേക്കുമെന്നും ഥാപ സൂചിപ്പിച്ചു.