SHARE

പെനാൽറ്റി ലക്ഷ്യത്തിലെത്തിക്കുന്നതിൽ ഏറ്റവും മികവ് പുലർത്തിയിരുന്നവരിലൊരാളായിരുന്നു ഫ്രഞ്ച് താരം അന്റോയിൻ ​ഗ്രീസ്മെൻ. എന്നാൽ അടുത്തിടെയായി പെനാൽറ്റി എടുക്കുന്നതിൽ ​ഗ്രീസ്മെന് പിഴയ്ക്കുന്നു.

കഴിഞ്ഞ ദിവസം അൽബേനിയക്കെതിരെ നടന്ന മത്സരത്തിൽ ​ഗ്രീസ്മെൻ പെനാൽറ്റി പാഴാക്കിയിരുന്നു. പിന്നാലെയിന്നലെ അൻഡോറക്കെതിരെ നടന്ന മത്സരത്തിലും പെനാൽറ്റി ലക്ഷ്യത്തിലെത്തിക്കാൻ ​ഗ്രീസ്മെന് സാധിച്ചില്ല. ഇതിപ്പോൾ നാല് ദിവസത്തിനിടെ രണ്ടാം തവണയാണ് ​ഗ്രീസ്മെൻ പെനാൽറ്റി പാഴാക്കിയത്.

ഇതോടെ സംഭവം ​ഗൗരവമായെടുത്തിരിക്കുകയാണ് ഫ്രഞ്ച് പരിശീലകൻ ദിദയെ ദെഷാം. ഇതേക്കുറിച്ച് ​ഗ്രീസ്മെനുമായി സംസാരിക്കാൻ തയ്യാറെടുക്കുകയാണ് ദെഷാം.​ ഗ്രീസ്മെൻ പെനാൽറ്റി നഷ്ടമാക്കിയെങ്കിലും ഫ്രാൻസ് എതിരില്ലാത്ത മൂന്ന് ​ഗോളിന് അൻഡോറയെ തോൽപ്പിച്ചു

അതേസമയം തന്നെ തുടർച്ചയായ പെനാൽറ്റി പാഴാക്കലുകൾ ​ഗ്രീസ്മെനെ പരിഹാസത്തിനും ഇടയാക്കുന്നുണ്ട്. ബാഴ്സലോണയേയും സൂപ്പർ താരം ലയണൽ മെസിയേയും ചേർത്താണ് ​ഗ്രീസ്മെനെ ആരാധകർ ട്രോളുന്നത്. മെസിയിൽ നിന്ന് താൻ ഒട്ടേറെ കാര്യങ്ങൾ പഠിക്കുന്നുണ്ടെന്ന ​ഗ്രീസ്മെന്റെ മുൻ പ്രതികരണവും ട്രോളന്മാർ ഏറ്റെടുത്തുകഴിഞ്ഞു.