SHARE
റാഫേൽ ക്രിവെല്ലെറോ(50)

ഐ.എസ്.എൽ സൂപ്പർക്ലബ് ചെന്നൈയിൻ എഫ്.സിയുമായി ബ്രസീലിയൻ മാധ്യനിരതാരം റാഫേൽ ക്രിവെല്ലെറോ കരാർ പുതുക്കി. ഒരു വർഷത്തേക്ക് കൂടിയാണ് താരം ചെന്നൈയിനൊപ്പം തുടരുക. കഴിഞ്ഞ ദിവസം മറ്റൊരു ബ്രസീലിയൻ താരമായ എലി സാബിയയും ക്ലബുമായി കരാർ പതുക്കിയിരുന്നു.

കഴിഞ്ഞ സീസണിൽ ചെന്നൈയിനിലെത്തിയ താരം മിന്നുന്ന പ്രകടനത്തിലൂടെ വലിയ ശ്രദ്ധ നേടിയിരുന്നു. ചെന്നൈയിന്റെ ഫൈനലിലേക്കുള്ള കുതിപ്പിൽ ഏറ്റവും നിർണായക പങ്ക് വഹിച്ച താരങ്ങളിലൊരാളാണ് ക്രിവെെല്ലറോ. എന്നാൽ സീസണൊടുവിൽ താരം ക്ലബ് വിട്ടേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഈസ്റ്റ് ബം​ഗാളാണ് ക്രിവെല്ലെറോയിൽ താൽപര്യം പ്രകടിപ്പിച്ച് ആദ്യമെത്തിയത്. പിന്നാലെ അടുത്തിടെ ജെംഷദ്പുർ എഫ്.സിയും ഈ മിഡ്ഫീൽഡറെ നോട്ടമിട്ടു. എന്നാലിപ്പോൾ ചെന്നൈ സംഘത്തിനൊപ്പം തുടരനാനാണ് ക്രിവെല്ലറോയുടെ തീരുമാനം.

31-കാരനായ ക്രിവെല്ലെറോ ഇറ്റാലിയൻ ക്ലബ് എംപോളിയുടെ യൂത്ത് അക്കാദമി താരമായിരുന്നു. എന്നാൽ യറോപ്പിലെ പ്രധാന ലീ​ഗുകളിലൊന്നും കളിക്കാൻ താരത്തിനായില്ല. പോർച്ചു​ഗൽ, പോളണ്ട്, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ കളിച്ചശേഷമാണ് ക്രിവെല്ലെറോ ചെന്നൈയിനിലെത്തുന്നത്.