SHARE

ക്രിക്കറ്റില്‍ വീണ്ടുമൊരു ഇന്ത്യ-പാക് പോരാട്ടത്തിന് വേദിയൊരുങ്ങാന്‍ സാധ്യത. അണ്ടര്‍ 19 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ തോല്പിച്ച് പാക്കിസ്ഥാന്‍ സെമിയില്‍ കടന്നു. വെള്ളിയാഴ്ച്ച നടക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് ക്വാര്‍ട്ടര്‍ ഫൈനലിലെ വിജയികളുമായാകും പാക്കിസ്ഥാന്റെ സെമി പോരാട്ടം. ഗ്രൂപ്പ് ഘട്ടത്തില്‍ എല്ലാ മത്സരങ്ങളും ആധികാരികമായി ജയിച്ചെത്തുന്ന ഇന്ത്യയ്ക്ക് ബംഗ്ലാദേശ് വലിയ എതിരാളികളല്ല. അതുകൊണ്ട് തന്നെ ഇന്ത്യ സെമയിലെത്താനുള്ള സാധ്യത വളരെ കൂടുതലാണ്. അങ്ങനെ സംഭവിച്ചാല്‍ ജനുവരി 30ന് ക്രൈസ്റ്റ്ചര്‍ച്ചിലെ ഹാഗ്‌ലി ഒവലില്‍ ഇന്ത്യ-പാക് പോരാട്ടം കാണാം.

ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനോട് തോറ്റ പാക്കിസ്ഥാന്‍ പിന്നീട് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ശ്രീലങ്കയെയും അയര്‍ലന്‍ഡിനെയും തറപറ്റിച്ച അവര്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് സൂപ്പര്‍ എട്ടില്‍ കടന്നത്. ക്വാര്‍ട്ടറില്‍ കരുത്തരായ ദക്ഷിണാഫ്രിക്കയെയും മറികടന്ന പാക്കിസ്ഥാന്‍ ലക്ഷ്യംവയ്ക്കുന്നത് കിരീട നേട്ടം തന്നെയാണ്. ബൗളിംഗാണ് പാക്കിസ്ഥാന്റെ കരുത്ത്. ഷഹിന്‍ഷാ അഫ്രീദിയാണ് പാക്കിസ്ഥാന്റെ തുറുപ്പുചീട്ട്. ബാറ്റിംഗ് നിര കൂടി ഫോമിലെത്തിയാല്‍ പാക്കിസ്ഥാന്‍ പിടിച്ചാല്‍ കിട്ടാത്ത ടീമാകും.

ഇന്ത്യയാകട്ടെ കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ കുതിക്കുകയാണ്. പൃഥ്വി ഷാ നയിക്കുന്ന ടീം ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ കരുത്തരാണ്. ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയെ വലിയ മാര്‍ജിനില്‍ തോല്പിച്ച ഇന്ത്യ അടുത്ത മത്സരങ്ങളില്‍ പാപ്പുവ ന്യുഗിനിയെയും സിംബാബ്‌വെയെയും അനായാസം മറികടന്നു. ബാറ്റിംഗിലും ബൗളിംഗിലും സംന്തുലിതമാണ് ഇന്ത്യന്‍ ടീം. രാഹുല്‍ ദ്രാവിഡാണ് ടീമിനെ പരിശീലിപ്പിക്കുന്നത്.