ഓസ്ട്രേലിയന്‍ ലോകകപ്പ് ടീമില്‍ വീണ്ടും ഇന്ത്യന്‍ സാന്നിധ്യം. ഇന്ത്യയില്‍ ജനിച്ച ഒരു ക്രിക്കറ്റ് താരം കൂടി ഓസ്ട്രേലിയക്ക് വേണ്ടി അണ്ടര്‍ 19 ലോകകപ്പ് കളിക്കാന്‍ പോവുന്നു. ചണ്ഡീഗഡില്‍ ജനിച്ച പരം ഉപ്പലാണ് ന്യൂസിലാന്റില്‍ അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പില്‍ കളിക്കാനുള്ള ഓസ്ട്രേലിയ അണ്ടര്‍ 19 ടീമില്‍ ഇടം നേടിയത്.
ഉപ്പലിനെ ടീമിലെടുത്ത വിവരമറിഞ്ഞ് മൊഹാലിയിലുള്ള ബന്ധുക്കളും വലിയ സന്തോഷത്തിലാണ്. 2003ലാണ് താരത്തിന്റെ പിതാവ് ദേവീന്ദര്‍ സിംഗ് ഉപ്പല്‍ പഞ്ചാബിലെ മൊഹാലിയില്‍ നിന്ന് ഓസ്ട്രേലിയയിലേക്ക് കുടിയേറിയത്. ഇപ്പോഴും ഇന്ത്യയിലുള്ള ഉപ്പലിന്റെ അമ്മാവന് ഭൂപീന്ദറും കുടുംബവും തങ്ങളുടെ സന്തോഷം മാധ്യമങ്ങളുമായി പങ്കുവെച്ചു. കഴിഞ്ഞ ആറുമാസങ്ങളായി ഉപ്പല്‍ ബ്രിസ്ബേനിലുള്ള പരിശീലനക്യാമ്പിലാണെന്നും ഓസ്ട്രേലിയന്‍ സീനിയര്‍ താരം സ്റ്റീവ് സ്മിത്തിനോടൊപ്പം പരിശീലനം നടത്തുന്ന ചിത്രങ്ങള്‍ അയച്ചുതന്നിരുന്നുവെന്നും ഭൂപീന്ദര്‍ പറഞ്ഞു.
സെപ്തംബറില്‍ ഓസ്ട്രേലിയയില്‍ നടന്ന പ്രാദേശിക ലീഗിലായിരുന്നു വലംകയ്യന്‍ ബാറ്റ്സ്മാന് കൂടിയായ പരം ഉപ്പലിന്റെ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം. ആറു മത്സരങ്ങളില്‍ നിന്ന് 83 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. എന്നാല്‍ ലോകകപ്പ് ടീമില്‍ ഇടംകണ്ടെത്തിയതോടെ മികച്ച പ്രകടനം കാഴ്ച്ചവെക്കാമെന്ന പ്രതീക്ഷയിലാണ് ഉപ്പല്‍. അടുത്ത വര്‍ഷം ജനുവരി 13ന് തുടങ്ങുന്ന ലോകകപ്പില്‍ ഇന്ത്യന്‍ വംശജനായ ജേസണ്‍ സംഗയാണ് ഓസ്ട്രേലിയയെ നയിക്കുന്നത്.