SHARE

ഒരു അപൂര്‍വ നേട്ടത്തിലേക്ക് ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി നടന്നടുക്കുന്നു. ജൂണ്‍ ആദ്യ വാരം ആരംഭിക്കുന്ന ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ ഛേത്രി തന്റെ നൂറാമത്തെ രാജ്യാന്തര മത്സരത്തിന് ബൂട്ടു കെട്ടും. ചൈനീസ് തായ്‌പേയ്‌ക്കെതിരേ ജൂണ്‍ ഒന്നിനാണ് ഇന്ത്യയുടെ ആദ്യ മത്സരം. താരത്തിന്റെ 99മത്തെ മത്സരമാകുമിത്.

നാലിന് കെനിയയ്‌ക്കെതിരേയാകും ഛേത്രിയുടെ സെഞ്ചുറി മത്സരം. മുന്‍ നായകന്‍ ബൈചുംഗ് ബൂട്ടിയയ്ക്കുശേഷം നൂറു മത്സരം തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ താരമാകും ഛേത്രി. ബൂട്ടിയ 104 മത്സരങ്ങളില്‍ ഇന്ത്യയ്ക്കായി ബൂട്ടു കെട്ടിയിട്ടുണ്ട്. 2005 ജൂണ്‍ 12ന് പാക്കിസ്ഥാനെതിരേയാണ് ഛേത്രി അരങ്ങേറ്റം കുറിച്ചത്. 98 കളിയില്‍ 56 ഗോള്‍ നേടിയ ഛേത്രി ഇപ്പോള്‍ ഫുട്‌ബോളില്‍ സജീവമായുള്ള അന്താരാഷ്ട്ര താരങ്ങളുടെ ഗോള്‍ നേട്ട പട്ടികയില്‍ നാലാമതാണ്.

എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യതയില്‍ കിര്‍ഗിസ്ഥാനെതിരേ ഗോള്‍ നേടിയതോടെ 54 ഗോള്‍ തികച്ച ഛേത്രി ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ വെയ്ന്‍ റൂണിയെ (53 ഗോള്‍) മറികടന്നിരുന്നു. ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്‌സിയുടെ നായകനാണ് ഛേത്രി. ഇന്ത്യന്‍ ഫുട്‌ബോള്‍ സമീപകാലത്ത് നേടിയ മികവിന്റെ കുന്തമുനയും ഛേത്രി തന്നെ.