SHARE

ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ഏകദിനത്തിൽ സെഞ്ചുറി നേടിയതോടെ ഇന്ത്യൻ ഓപ്പണർ ശിഖാർ ധവാൻ സ്വന്തമാക്കിയത് അപൂർവ്വ നേട്ടം. ഇന്നത്തേത് ധവാന്റെ നൂറാം ഏകദിന മത്സരമായിരുന്നു. സെഞ്ചുറി നേടിയതോടെ നൂറാം മത്സരത്തിൽ സെഞ്ചുറി നേടുന്ന താരമെന്ന ബഹുമതി ധവാനെ തേടിയെത്തി‌. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഈ നേട്ടം കൈവരിക്കുന്ന ഒൻപതാമനും, ആദ്യത്തെ ഇന്ത്യൻ താരവുമാണ് ശിഖാർ ധവാൻ.

പാകിസ്ഥാന്റെ മുഹമ്മദ് യൂസഫ്, വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയിൽ, ഗോൾഡൻ ഗ്രീനിഡ്ജ്, ക്രിസ് കെയിൻസ്, കുമാർ സംഗക്കാര, മാർക്കസ് ട്രെസ്കോത്തിക്ക്, സർവൻ, ഡേവിഡ് വാർണർ എന്നിവരാണ് ധവാന് മുൻപ് ഈ നേട്ടത്തിലെത്തിയിട്ടുള്ളത്. നൂറാം മത്സരത്തിൽ ഏറ്റവും ഉയർന്ന സ്കോർ നേടുന്ന ഇന്ത്യൻ താരമെന്ന നേട്ടം സ്വന്തമാക്കിയ ധവാൻ ഇക്കാര്യത്തിൽ പിന്നിലാക്കിയത് 1999 ൽ സൗരവ് ഗാംഗുലി ദക്ഷിണാഫ്രിക്കക്കെതിരെ തന്നെ നേടിയ 97 റൺസാണ്.

2010 ൽ ഓസ്ട്രേലിയക്കെതിരെ വിശാഖപട്ടണത്ത് നടന്ന മത്സരത്തോടെയാണ് ധവാൻ തന്റെ ഏകദിന അരങ്ങേറ്റം കുറിക്കുന്നത്. 45 ബാറ്റിംഗ് ശരാശരിയിൽ ശരാശരിയിൽ 4000 ന് മുകളിൽ റൺസ് സ്കോർ ചെയ്തിട്ടുള്ള ഈ മുപ്പത്തിരണ്ടുകാരൻ 13 സെഞ്ചുറികളും 25 അർധ സെഞ്ചുറികളും ഈ ഫോർമാറ്റിൽ നേടിയിട്ടുണ്ട്.