SHARE

ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിനിടെ ബാറ്റിംഗിലെ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കി ഓസ്ട്രേലിയൻ നായകൻ സ്റ്റീവൻ സ്മിത്ത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 10000 റൺസ് തികയ്ക്കുന്ന അഞ്ചാമത്തെ ബാറ്റ്സ്മാനെന്ന നേട്ടമാണ് ഡർബൻ ടെസ്റ്റിലൂടെ സ്മിത്തിനെ തേടിയെത്തിയത്‌. 232 ഇന്നിംഗ്സുകളിൽ നിന്നാണ് ഓസ്ട്രേലിയൻ നായകന്റെ ഈ നേട്ടം. ഇക്കാര്യത്തിലെ ഓസ്ട്രേലിയൻ റെക്കോർഡും ഇനി മുതൽ സ്മിത്തിന്റെ പേരിലാണ്. 239 അന്താരാഷ്ട്ര ഇന്നിംഗ്സുകളിൽ നിന്ന് 10000 റൺസ് ക്ലബ്ബിലെത്തിയ മുൻ ഓപ്പണർ മാത്യൂ ഹെയ്ഡനെയാണ് ഇക്കാര്യത്തിൽ സ്മിത്ത് പിന്നിലാക്കിയത്.

206 ഇന്നിംഗ്സുകളിൽ 10000 റൺസ് തികച്ച വെസ്റ്റിൻഡീസ് ഇതിഹാസം വിവിയൻ റിച്ചാർഡ്സാണ് ഈ നേട്ടത്തിൽ ഒന്നാം സ്ഥാനത്തുള്ളത്. 217 ഇന്നിംഗ്സുകളിൽ 10000 റൺസ് ക്ലബ്ബിൽ ഇടം നേടിയ ദക്ഷിണാഫ്രിക്കൻ താരം ഹഷീം അംലയും, 220 ഇന്നിംഗ്സുകളിൽ ഈ നേട്ടത്തിലെത്തിയ വെസ്റ്റിൻഡീസിന്റെ തന്നെ ബ്രയാൻ ലാറയും ഇക്കാര്യത്തിൽ തൊട്ടു പിന്നാലെയുണ്ട്.

ഇംഗ്ലണ്ട് സൂപ്പർ താരം ജോ റൂട്ടാണ് വേഗത്തിൽ 10000 റൺസ് നേടിയവരുടെ ക്ലബ്ബിൽ നാലാം സ്ഥാനത്തുള്ളത്. മേൽപ്പറഞ്ഞ നാല് പേർക്കും പിന്നിൽ അഞ്ചാമതാണ് ഈ നേട്ടത്തിൽ സ്മിത്തിന്റെ സ്ഥാനം. ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും സ്റ്റീവ് സ്മിത്തും ഒരുമിച്ചാണ് ഈ നേട്ടം പങ്കിടുന്നത്. 10000 അന്താരാഷ്ട്ര റൺസ് തികയ്ക്കാൻ 232 ഇന്നിംഗ്സുകളാണ് ഇരുവർക്കും വേണ്ടി വന്നത്.