SHARE

ലയണല്‍ മെസി പന്തുതട്ടാന്‍ മൈതാനത്ത് ഇറങ്ങിയാല്‍ ഏതെങ്കിലുമൊരു റിക്കാര്‍ഡ് കൈക്കലാക്കിയേ തിരികെ കയറുവെന്നത് ഫുട്‌ബോള്‍ ലോകത്ത് ഇപ്പോള്‍ ട്രെന്‍ഡായി മാറിയിരിക്കുന്നു. കഴിഞ്ഞദിവസം ജിറോണ എഫ്‌സിയെ അവരുടെ തട്ടകത്തില്‍ 2-0ത്തിന് തോല്പിച്ചപ്പോഴും മെസിക്ക് ഒരു റിക്കാര്‍ഡ് കൂട്ടായി കിട്ടി.

ലാലിഗയില്‍ 36 ഗ്രൗണ്ടുകളില്‍ ഗോള്‍ നേടിയ താരമെന്ന നേട്ടമാണിത്. അടുത്തൊന്നും ഒരു താരവും മറികടക്കാന്‍ സാധ്യതയില്ലാത്ത റിക്കാര്‍ഡാണ് ബാഴ്‌സയുടെ ഇതിഹാസതാരം സ്വന്തമാക്കിയത്. ജിറോണയ്‌ക്കെതിരേ മത്സരത്തിന്റെ രണ്ടാംപകുതിയില്‍ ലിയോ ഗോള്‍ നേടിയിരുന്നു. മോന്റിലിവി സ്‌റ്റേഡിയത്തില്‍ അര്‍ജന്റൈന്‍ താരത്തിന്റെ ആദ്യ ഗോളാണ് ഞായറാഴ്ച്ച പിറന്നത്.

ഡിപ്പോര്‍ട്ടീവോ ലാ കൊറുണയുടെ ഹോംഗ്രൗണ്ടിലാണ് മെസി എവേ മത്സരങ്ങളില്‍ ഏറ്റവുമധികം സ്‌കോര്‍ ചെയ്തിട്ടുള്ളത്. പതിമൂന്ന് തവണ. ബദ്ധവൈരികളായ റയല്‍ മാഡ്രിഡിനെതിരേ അവരുടെ തട്ടകത്തില്‍ ഇതുവരെ 11 ഗോളുകള്‍ നേടിയിട്ടുണ്ട്. ഏപ്രിലില്‍ ഹുയെസ്‌കയുടെ ഹോംഗ്രൗണ്ടില്‍ മെസി കളിക്കുന്നുണ്ട്. അവിടെ ആദ്യമായിട്ടാണ് സൂപ്പര്‍താരം കളിക്കുന്നത്. അവിടെയും ഒരു റിക്കാര്‍ഡ് പ്രതീക്ഷിക്കുകയാണ് താരം.