SHARE

ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ ഒരിക്കലും മറക്കാത്ത പരമ്പരയാണ് കടന്നു പോകുന്നത്. പന്തുകൊണ്ട് ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്മാരെ വെള്ളംകുടിപ്പിച്ച ബുംറയ്ക്ക് അര്‍ഹിച്ച അംഗീകാരമായി മെല്‍ബണിലെ കളിയിലെ താരമെന്ന പുരസ്‌കാരം. ഒപ്പം മറ്റൊരു റിക്കാര്‍ഡും ഈ യുവതാരത്തെ തേടിയെത്തി.

ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഒരു ടെസ്റ്റില്‍ ഏറ്റവുമധികം വിക്കറ്റ് നേടുന്ന പേസറെന്ന നേട്ടം ഇനി ബുംറയ്ക്ക് മാത്രം സ്വന്തം. മറികടന്നതാകട്ടെ ഇതിഹാസ താരം കപില്‍ദേവിനെയും അജിത്ത് അഗാര്‍ക്കറെയും. 86 റണ്‍സ് വഴങ്ങി ഒന്‍പതു വിക്കറ്റുകളാണ് ബുംറ മെല്‍ബണില്‍ പിഴുതത്. 1985ല്‍ 109 റണ്‍സ് വഴങ്ങി എട്ടുവിക്കറ്റുകളായിരുന്നു കപില്‍ നേടിയത്.

അന്ന് കപിലിന്റെ നേട്ടം അഡ്‌ലെയ്ഡിലായിരുന്നു. 2003ലെ പരമ്പരയില്‍ അഡ്‌ലെയ്ഡില്‍ തന്നെയായിരുന്നു അഗാര്‍ക്കറിന്റെയും വിക്കറ്റ് വേട്ട. അന്ന് 160 റണ്‍സ് വഴങ്ങിയാണ് അഗാര്‍ക്കര്‍ എട്ടുപേരെ മടക്കിയത്. ഈ ടെസ്റ്റ് പരമ്പരയോടെ സ്‌ട്രൈക്ക് ബൗളറെന്ന സ്ഥാനവും ബുംറ സ്വന്തമാക്കി. സ്പിന്നര്‍മാര്‍ക്ക് പന്തെറിയാന്‍ പന്തിന്റെ മിനുസം കളയുകയെന്ന ദൗത്യത്തില്‍ നിന്ന് ഇന്ത്യന്‍ പേസര്‍മാര്‍ വിക്കറ്റ് വേട്ടക്കാരനെന്ന രീതിയിലേക്ക് പരുവപ്പെട്ടതും ബുംറയുടെ വരവിനുശേഷമാണ്.