SHARE

ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗം 4000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമെന്ന റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ഓപ്പണർ ശിഖാർ ധവാൻ. ഇന്നലെ ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിന മത്സരത്തിനിടെയാണ് ഡെൽഹി താരം ക്രിക്കറ്റ് ഗ്രൗണ്ടിൽ നിന്ന് മറ്റൊരു നേട്ടം കൂടി കൈവരിച്ചത്. 96-മത്തെ മത്സരത്തിലാണ് ധവാൻ 4000 റൺസ് ക്ലബ്ബിൽ കയറിയത്.

96 മത്സരങ്ങൾ കളിച്ച ധവാന് 95 ഇന്നിംഗ്സുകളാണ് 4000 തികയ്ക്കാൻ വേണ്ടി വന്നത്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ, സൗരവ് ഗാംഗുലി, നവ്ജോത് സിംഗ് സിധു, ഗൗതം ഗംഭീർ എന്നിവരെയൊക്കെ ഇക്കാര്യത്തിൽ ധവാൻ പിന്നിലാക്കിയപ്പോൾ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി മാത്രമാണ് അദ്ദേഹത്തിന് മുന്നിലുള്ളത്. കോഹ്ലിയും തന്റെ 96-മത്തെ ഏകദിന മത്സരത്തിലാണ് 4000 റൺസ് കടന്നതെങ്കിലും ധവാനേക്കാൾ രണ്ടിന്നിംഗ്സ് കുറവാണ് കളിച്ചിട്ടുള്ളത് എന്നത് അദ്ദേഹത്തെ ആദ്യ സ്ഥാനത്തെത്തിച്ചു‌.

വേഗതയേറിയ 4000 റൺസിന്റെ കാര്യത്തിൽ ലോകക്രിക്കറ്റിൽ ആറാമതെത്താനും ഇന്നലത്തെ മത്സരത്തോടെ ധവാന് കഴിഞ്ഞു. 81 ഇന്നിംഗ്സുകളിൽ ഈ നേട്ടത്തിലെത്തിയ ദക്ഷിണാഫ്രിക്കൻ താരം ഹഷീം അംല നയിക്കുന്ന ലിസ്റ്റിൽ വിവിയൻ റിച്ചാർഡ്സ്, ജോ റൂട്ട്, വിരാട് കോഹ്ലി, ഡേവിഡ് വാർണർ, എന്നിവരാണ് ധവാന് മുന്നിലുള്ളത്.