SHARE

ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച ഹനുമ വിഹാരി ആദ്യ ഇന്നിംഗ്‌സില്‍ തന്നെ അര്‍ധസെഞ്ചുറി നേടിയിരുന്നു. ഒരൊറ്റ ഇന്നിംഗ്‌സിലൂടെ ആരാധകരെ അത്ഭുതപ്പെടുത്തിയ വിഹാരിക്ക് മറ്റൊരു നേട്ടം കൂടി സ്വന്തം. ഇംഗ്ലണ്ടില്‍ കന്നി ഇന്നിംഗ്‌സില്‍ അര്‍ധസെഞ്ചുറി സ്വന്തമാക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമായി ഈ ഇരുപത്തിനാലുകാരന്‍ മാറി.

റുസി മോദി (1946, 57 നോട്ടൗട്ട്), സൗരവ് ഗാംഗുലി (1996, 131 റണ്‍സ്), രാഹുല്‍ ദ്രാവിഡ് (1996, 95 റണ്‍സ്) എന്നിവര്‍ മാത്രമാണ് ഇംഗ്ലണ്ടില്‍ ഇതുവരെ ഈ നേട്ടം സ്വന്തമാക്കിയത്. അരങ്ങേറ്റ ഇന്നിംഗ്‌സില്‍ അര്‍ധസെഞ്ചുറി നേടുന്ന ഇരുപത്തിയാറാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടവും വിഹാരി സ്വന്തമാക്കി. ആറാമനായി ക്രീസിലെത്തി 124 പന്ത് നേരിട്ട് വിഹാരി 56 റണ്‍സ് നേടി.

ആന്ധ്രയില്‍ നിന്ന് 19 വര്‍ഷത്തിനിടെ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഇടം നേടുന്ന ആദ്യ താരമാണ് വിഹാരി. മുന്‍ സെലക്ടറായിരുന്ന എംഎസ്‌കെ പ്രസാദായിരുന്നു ഇതിനുമുമ്പ് ആന്ധ്ര രഞ്ജി ടീമില്‍ നിന്ന് വന്ന അവസാന ഇന്ത്യന്‍ താരം. ലോകത്തില്‍ ഏറ്റവുമധികം ശരാശരിയുള്ള താരമാണ് വിഹാരി! 59.45. സാക്ഷാല്‍ സ്റ്റീവ് സ്മിത്താണ് (57.27) പിന്നില്‍.

വിക്കറ്റിന്റെ ഇരുവശത്തേക്കും അനായാസം ഷോട്ടുകള്‍ ഇതിര്‍ക്കാന്‍ ശേഷിയുള്ള താരം, ബാക്ഫൂട്ടില്‍ കളിക്കാന്‍ ഇഷ്ടപ്പെടുന്ന ബാറ്റ്‌സ്മാന്‍ വിഹാരിയുടെ സവിശേഷതകള്‍ നിരവധിയാണ്. കളി മെച്ചപ്പെടുത്താന്‍ എത്രമാത്രം കഠിനാധ്വാനം ചെയ്യാനും തയാറാണ് ഈ ഇരുപത്തിനാലുകാരന്‍.