SHARE

വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിലെ ജയത്തോടെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് മറ്റൊരു റിക്കാര്‍ഡ് കൂടി. ഇന്ത്യയെ ഏറ്റവുമധികം ടെസ്റ്റുകളില്‍ വിജയിപ്പിച്ച ക്യാപ്റ്റനെന്ന നേട്ടമാണ് വിരാടിനൊപ്പം പോരുന്നത്. എംഎസ് ധോണിയെയാണ് ഇക്കാര്യത്തില്‍ മറികടന്നത്. 60 മത്സരങ്ങളില്‍ നിന്ന് 27 വിജയങ്ങളാണ് ധോണിയുടെ പേരിലുണ്ടായിരുന്നത്.

വിന്‍ഡീസിനെതിരായ പരമ്പര ജയത്തോടെ ക്യാപ്റ്റനെന്ന നിലയില്‍ കോഹ്‌ലിയുടെ അക്കൗണ്ടില്‍ 28 ജയങ്ങളായി. 48 ടെസ്റ്റുകളില്‍ നിന്നാണ് ഇത്രയും ജയങ്ങളെന്നത് പകിട്ടു കൂട്ടുന്നു. 49 മത്സരങ്ങളില്‍ നിന്ന് 21 വിജയങ്ങള്‍ സ്വന്തമാക്കിയ സൗരവ് ഗാംഗുലിയാണ് മൂന്നാം സ്ഥാനത്ത്. മുഹമ്മദ് അസറുഹ്ദീന്റെ അക്കൗണ്ടില്‍ 14 വിജയങ്ങളുണ്ട്.

വിദേശത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍മാരുടെ ജയത്തിലും വിരാട് തന്നെയാണ് മുന്നില്‍. 11 വിദേശ ജയങ്ങളാണ് ഗാംഗുലിയുടെ േേപരിലുണ്ടായിരുന്നത്. 28 എവേ ടെസ്റ്റില്‍ നിന്നായിരുന്നു ഇത്. 27 എവേ ടെസ്റ്റില്‍ നിന്ന് കോഹ്‌ലിയുടെ പേരില്‍ 13 വിജയങ്ങളുണ്ട്. റിക്കാര്‍ഡിനൊപ്പം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 120 പോയിന്റുമായി ഒന്നാം സ്ഥാനക്കാരായിട്ടാണ് വിരാടും സംഘവും വിന്‍ഡീസില്‍ നിന്ന് മടങ്ങുന്നത്.