SHARE

ശ്രീലങ്കന്‍ വെറ്ററന്‍ പേസര്‍ ലസിത് മലിംഗയ്ക്ക് ട്വന്റി-20യില്‍ റിക്കാര്‍ഡ്. ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര വിക്കറ്റ് നേടുന്ന താരമെന്ന റിക്കാര്‍ഡാണ് മലിംഗ സ്വന്തമാക്കിയത്. കാന്‍ഡിയില്‍ ന്യൂസിലന്‍ഡിനെതിരായ ആദ്യ ട്വന്റി-20യിലാണ് മലിംഗ നേട്ടം സ്വന്തമാക്കിയത്. മറികടന്നത് പാക് ഇതിഹാസതാരം ഷാഹിദ് അഫ്രീദിയെയും. അഫ്രീദിയുടെ 98 വിക്കറ്റുകള്‍ മറികടന്ന മലിംഗയുടെ അക്കൗണ്ടില്‍ ഇപ്പോഴുള്ളത് 99 വിക്കറ്റുകള്‍.

ന്യൂസിലന്‍ഡ് താരം കോളിന്‍ മണ്‍റോയെ ആദ്യ ഓവറില്‍ പുറത്താക്കിയാണ് മലിംഗ അഫ്രീദിക്ക് ഒപ്പമെത്തിയത്. പിന്നീട് അടിച്ചുകളിച്ച കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോമിനെ വീഴ്ത്തി റിക്കാര്‍ഡും സ്വന്തമാക്കി. മത്സരത്തില്‍ ലങ്ക തോറ്റെങ്കിലും രണ്ടുവിക്കറ്റോടെ മലിംഗ ക്ലാസ് തെളിയിച്ചു. 74 മത്സരങ്ങളില്‍ നിന്നാണ് ലങ്കന്‍ താരത്തിന്റെ നേട്ടം.

അഫ്രീദിക്ക് 99 മത്സരങ്ങള്‍ കളിക്കേണ്ടിവന്നു 98 വിക്കറ്റുകള്‍ നേടാന്‍. ഇംഗ്ലണ്ടിനെതിരേ 2006ലാണ് മലിംഗയുടെ കുട്ടിക്രിക്കറ്റിലെ അരങ്ങേറ്റം. 2011ല്‍ ടെസ്റ്റിനോടു വിടപറഞ്ഞ താരം കഴിഞ്ഞ ജൂലായില്‍ ഏകദിനവും മതിയാക്കിയിരുന്നു.