SHARE

നോർത്ത് കൊറിയക്കെതിരെ ഇന്നലെ നടന്ന ഇന്റർകോണ്ടിനന്റൽ കപ്പ് മത്സരത്തിൽ ഇന്ത്യ‌ ദയനീയ പരാജയം നേരിട്ടെങ്കിലും മത്സരത്തിൽ ഇന്ത്യ നേടിയ ഗോളുകളിൽ ഒന്നിന് അവകാശിയായ നായകൻ സുനിൽ ഛേത്രി അന്താരാഷ്ട്ര ഫുട്ബോളിലെ തകർപ്പൻ നേട്ടങ്ങളിലൊന്നിൽ എത്തി. ഇന്നലെ ഛേത്രി നേടിയത് ഇന്ത്യൻ ജേഴ്സിയിലെ തന്റെ എഴുപത്തിയൊന്നാമത് ഗോളായിരുന്നു. ഇതോടെ അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ആദ്യ പത്ത് താരങ്ങളിൽ ഛേത്രിയും ഇടം പിടിച്ചു.

ജെർമ്മനിയുടെ ഇതിഹാസ താരം മിറോസ്ലാവ് ക്ലോസെ, തായ്ലൻഡിന്റെ മുവാംഗ് തുടങ്ങിയ താരങ്ങൾക്കൊപ്പമാണ് ഛേത്രി ഇപ്പോൾ ഗോൾ വേട്ടയിൽ പത്താം സ്ഥാനത്തുള്ളത്. ഇവരും 71 ഗോളുകൾ വീതമാണ് അന്താരാഷ്ട്ര കരിയറിൽ നേടിയിട്ടുള്ളത്. അതേ സമയം നിലവിൽ ഫുട്ബോൾ കളിച്ച് കൊണ്ടിരിക്കുന്ന താരങ്ങളിൽ ഗോൾ വേട്ടയിൽ രണ്ടാം സ്ഥാനത്തുണ്ട് ഛേത്രി. 88 ഗോളുകൾ നേടിയ പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രമാണ് ഇക്കാര്യത്തിൽ ഇപ്പോൾ ഛേത്രിക്ക് മുന്നിലുള്ളത്.