SHARE

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റു തോറ്റ് പരമ്പരയും നഷ്ടപ്പെടുത്തിയതിന് പിന്നാലെ ശ്രീലങ്കയ്ക്ക് മറ്റൊരു തിരിച്ചടി കൂടി. അവരുടെ സ്റ്റാര്‍ സ്പിന്നര്‍ അക്കില ധനഞ്ജയ്ക്ക് അടുത്ത ടെസ്റ്റില്‍ കളിക്കാനാകില്ലെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സംശയകരമായ ബൗളിംഗ് ആക്ഷന്‍ മൂലം ബ്രിസ്‌ബെയ്‌നില്‍ പരിശോധനയ്ക്ക് ഹാജരാകുന്നതിനാണ് താരം വിട്ടുനില്ക്കുന്നത്.

സ്വതവേ ദുര്‍ബലരായ ലങ്കയ്ക്ക് ധനഞ്ജയയുടെ പിന്മാറ്റം തിരിച്ചടിയാകും. രണ്ടാം ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്‌സില്‍ 115 റണ്‍സ് വഴങ്ങി താരം ആറുവിക്കറ്റ് വീഴ്ത്തിയിരുന്നു. ലങ്കന്‍ സ്പിന്‍ ആക്രമണത്തിന്റെ കുന്തമുന ഇപ്പോള്‍ ഈ യുവതാരമാണ്. ഈ മാസം 20നാണ് ബൗളിംഗ് പരിശോധന. മൂന്നാം ടെസ്റ്റ് തുടങ്ങുന്നത് 23നും.

ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കിയതിനാല്‍ മൂന്നാം ടെസ്റ്റിന് വലിയ പ്രാധാന്യമൊന്നുമില്ല. എന്നാല്‍ ആശ്വാസ വിജയമെങ്കിലും നേടാന്‍ ശ്രമിക്കുന്ന ലങ്കയ്ക്ക് വലിയ തിരിച്ചടിയാകും ധനഞ്ജയയുടെ പിന്മാറ്റം. 17 വര്‍ഷത്തിനുശേഷമാണ് ഇംഗ്ലണ്ട് ലങ്കയിലൊരു ടെസ്റ്റ് പരമ്പര നേടുന്നത്. കൊളംബോ സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ് സ്‌റ്റേഡിയത്തിലാണ് മൂന്നാം ടെസ്റ്റ്.