SHARE

ജമ്മു കാഷ്മീരിലെ തീവ്രവാദ ആക്രമണത്തിന്റെ പശ്ചാത്ത ലത്തില്‍ പാക്കിസ്ഥാന്‍ ടി20 ലീഗ് ഇന്ത്യയില്‍ സംപ്രേഷണം ചെയ്യുന്നത് നിര്‍ത്തിവച്ചു. ദുബായില്‍ നടന്നുകൊണ്ടിരിക്കുന്ന പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന് ഇന്ത്യയില്‍ വലിയതോതില്‍ പ്രേഷകരുണ്ടായിരുന്നു. സംപ്രേഷണം പിന്‍വലിച്ചത് പരസ്യയിനത്തില്‍ കോടികളുടെ നഷ്ടമാണ് ലീഗിനുണ്ടാക്കുക. ക്രിക്കറ്റ് വെബ്‌പോര്‍ട്ടലായ ക്രിക്ക്ബസും തത്സമയ കമന്ററിയും ലൈവ് സ്‌കോറിംഗും അവസാനിപ്പിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ ഡി സ്പോര്‍ട്‌സ് ആണ് മത്സരം സംപ്രേക്ഷണം ചെയ്യുന്നത്. വ്യാഴാഴ്ചയാണ് പിഎസ്എല്‍ നാലാം സീസണ്‍ ആരംഭിച്ചത്. ലോകമെങ്ങുനിന്നുമുള്ള താരങ്ങള്‍ ലീഗിന്റെ ഭാഗമാണ്. നേരത്തെ, മുന്‍ പാക് ക്യാപ്റ്റനും ഇപ്പോഴത്തെ പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാന്റെ ചിത്രം മുംബൈയില്‍ ക്രിക്കറ്റ് ക്ലബ്ബില്‍നിന്നും നീക്കം ചെയ്തിരുന്നു.

മുംബൈയിലെ ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യയാണ് ഇമ്രാന്‍ ഖാന്‍ ഉള്‍പ്പെടെ ലോകത്തെ പ്രമുഖ ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങള്‍ ക്ലബ്ബില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. പുല്‍വാമ ആക്രമണത്തിന് പിന്നാലെ കബ്ബ് മാനേജിംഗ് കമ്മിറ്റി പാക്കിസ്ഥാനോടുള്ള പ്രതിഷേധ സൂചകമായി ചിത്രം നീക്കി. ഇമ്രാന്‍ ഖാന്റേത് കൂടാതെ പാക് ടീമിന്റെ ചിത്രവും നീക്കം ചെയ്തിട്ടുണ്ട്.