SHARE

നവംബര്‍ ഒന്നിന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിനത്തിന് വിചിത്ര നിയന്ത്രണങ്ങളുമായി പോലീസും സംഘാടകരും. മത്സരത്തിന്റെ ടിക്കറ്റുകള്‍ ഓണ്‍ലൈനായി മാത്രം വിറ്റാല്‍ മതിയെന്ന് പോലീസ് നിര്‍ദേശം നല്കി. സുരക്ഷ ഭീഷണി മൂലമാണേ്രത ഇത്തരത്തിലൊരു നിയന്ത്രണം. എന്നാല്‍ ബാങ്കുകളില്‍ നിന്നും ടിക്കറ്റ് എടുക്കുന്നവര്‍ക്ക് ഈ ഉത്തരവ് തിരിച്ചടിയാകും.

ആരാധകര്‍ക്ക് മറ്റൊരു വെല്ലുവിളിയാകുക ടിക്കറ്റില്ലാത്തവര്‍ക്ക് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്റെ പരിസരത്ത് പോലും നില്ക്കാനാകില്ലെന്നതാണ്. ടിക്കറ്റ് കിട്ടാത്തവര്‍ സാധാരണയായി സ്‌റ്റേഡിയത്തിന് പുറത്തെ ആവേശത്തില്‍ പങ്കുചേരാന്‍ മത്സരദിനത്തില്‍ എത്തുക പതിവാണ്. ഇത്തവണ അതൊന്നും വേണ്ടെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ വര്‍ഷം ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്റി-20 നടന്നെങ്കിലും ഇതുപോലെ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നില്ല.

ഏകദിനത്തിനായി ഇരുടീമുകളും എത്തുക ഒക്ടോബര്‍ 30നാണ്. 31ന് ടീമുകള്‍ സ്‌റ്റേഡിയത്തില്‍ പരിശീലനത്തിനെത്തും. ഈ ദിവസം സ്റ്റേഡിയത്തിലേക്ക് ആരാധകര്‍ക്ക് പ്രവേശനം അനുവദിക്കില്ല. കോവളത്താകും ടീമുകള്‍ക്ക് താമസം ഒരുക്കുക. 1,000, 2,000, 3,000, 6,000 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍. ആയിരം രൂപ ടിക്കറ്റ് വാങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് 50 ശതമാനം ഇളവ് നല്‍കും.