SHARE

മാനസിക ആരോഗ്യത്തിന് മുൻഗണന നൽകുന്നതിന് വേണ്ടി ക്രിക്കറ്റിൽ നിന്ന് അനിശ്ചിതകാലത്തേക്ക് വിട്ടു നിൽക്കാൻ തീരുമാനിച്ച സ്റ്റാർ ഓൾ റൗണ്ടർ ബെൻ സ്റ്റോക്ക്സിന്റെ സേവനം ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ലഭിച്ചേക്കില്ലെന്നത് ഇംഗ്ലണ്ടിന് വലിയ തിരിച്ചടിയാണ് നൽകുന്നത്. സ്റ്റോക്ക്സ് കളിക്കാനുണ്ടാകില്ലെന്ന് ഉറപ്പായതിന് പിന്നാലെ ഇപ്പോളിതാ ടീമിന്റെ യുവ ബാറ്റ്സ്മാനായ ഒലി പോപ്പും ആദ്യ ടെസ്റ്റിൽ കളിച്ചേക്കില്ലെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുന്നു. മത്സരത്തിന് മുൻപ് തന്നെ ഇംഗ്ലണ്ടിനെ ബാക്ക് ഫുട്ടിലാക്കുന്ന വാർത്തയാണിത്.

നേരത്തെ ടി20 ബ്ലാസ്റ്റിൽ സറേക്ക് വേണ്ടി കളിക്കുമ്പോൾ ഒലി പോപ്പിന്റെ തുടയിൽ പരിക്കേറ്റിരുന്നു. ഈ പരിക്കിൽ നിന്ന് പൂർണമായും മോചിതനാവാൻ താരത്തിന് കഴിഞ്ഞിട്ടില്ലാത്തതാണ് ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ അദ്ദേഹം കളിക്കുന്ന കാര്യം സംശയത്തിലാക്കിയിരിക്കുന്നത്. പൂർണ ‌ഫിറ്റ്നസിലല്ലാത്ത ഒലി പോപ്പിനോട് ധൃതി പിടിച്ച് ക്രിക്കറ്റ് മൈതാനത്തേക്ക് തിരിച്ചു വരരുതെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചതായി നേരത്തെ ഇംഗ്ലീഷ് മാധ്യമമായ ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്തിരുന്നു‌‌. എങ്കിലും ഇംഗ്ലണ്ട് ടീം മാനേജ്മെന്റാകും താരം ആദ്യ ടെസ്റ്റിൽ കളിക്കുന്ന കാര്യത്തിൽ അന്തിമ‌തീരുമാനം കൈക്കൊള്ളുക.

ഇന്ത്യക്കെതിരായ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങൾക്കുള്ള ഇംഗ്ലണ്ട് സ്ക്വാഡ് ഇങ്ങനെ – ജോ റൂട്ട് (ക്യാപ്റ്റൻ), റോറി ബേൺസ്, ക്രെയിഗ് ഓവർടൺ, ഡൊമിനിക്ക് സിബ്ലി, ജോസ് ബട്ലർ, മാർക്ക് വുഡ്, സാം കറൻ, ജെയിംസ് ആൻഡേഴ്സൺ, ജോണി ബെയർസ്റ്റോ, ഡൊമിനിക്ക് ബെസ്, സ്റ്റുവാർട്ട് ബ്രോഡ്, സാക് ക്രൗളി, ഹസീബ് ഹമീദ്, ഡാൻ ലോറൻസ്, ജാക്ക് ലീച്ച്, ഒലി പോപ്പ്, ഒലി റോബിൻസൺ.