SHARE

ബിസിസിഐയുടെ തലപ്പത്ത് വീണ്ടും സ്ഥാനചലനത്തിന് സാധ്യത. നിലവിലെ താല്ക്കാലിക പ്രസിഡന്റിനെയും കമ്മിറ്റി അംഗങ്ങളെയും നീക്കണമെന്ന് സുപ്രീം കോടതി നിയോഗിച്ച ഭരണസമിതി ആവശ്യപ്പെട്ടു. വിനോദ് റായിയും ഡയാന എഡുള്‍ജിയും അംഗങ്ങളായ ഭരണ സമിതിയുടെ ഏഴാം റിപ്പോര്‍ട്ടിലാണ് ഈ ആവശ്യങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ചത്. ബിസിസിഐ നിയമമനുസരിച്ച് ഇവരുടെ കാലാവധി അവസാനിച്ചിട്ടും സ്ഥാനമൊഴിയാത്തത് ചൂണ്ടിക്കാട്ടിയാണ് സമിതിയുടെ നടപടി.

ലോധാസമിതിയുടെ നിര്‍ദേശപ്രകാരമുള്ള ഭരണഘടന അംഗീകരിക്കുന്നതിനുമുമ്പ് വാര്‍ഷിക ജനറല്‍ബോഡി യോഗം വിളിച്ചുചേര്‍ക്കാന്‍ സമിതി കോടതിയോട് അപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ഭരണസമിതിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ആവശ്യപ്പെട്ടാല്‍ താല്‍കാലിക പ്രസിഡന്റ് സി കെ ഖന്നയെയും സെക്രട്ടറി അമിതാബ് ചൗധരിയെയും ട്രഷറര്‍ അനിരുദ്ധ് ചൗധരിയെയും തല്‍സ്ഥാനങ്ങളില്‍ നിന്ന് നീക്കേണ്ടി വരും.

അമിതാബ് ചൗധരിയുടെയും സി.കെ. ഖന്നയുടെയും പല പ്രവര്‍ത്തനങ്ങളും താത്ക്കാലിക സമിതി അംഗങ്ങളില്‍ അസംതൃപ്തി ഉളവാക്കിയിരുന്നു. ഐസിസി യോഗങ്ങളില്‍ പ്രതിനിധികള്‍ സ്വീകരിച്ച നിലപാടുകളും വിനോദ് റായി സംഘത്തിന്റെ നിര്‍ദേശത്തിന് വിരുദ്ധമായിരുന്നു.