SHARE

ട്വന്റി-20 ചരിത്രത്തില്‍ മറ്റൊരു നേട്ടം കൂടി ഇന്ത്യന്‍ ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മയും സ്വന്തം പേരിലാക്കി. ട്വന്റി-20യില്‍ കൂട്ടുകെട്ടില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരങ്ങളെന്ന റിക്കാര്‍ഡാണ് ഇന്ത്യന്‍ സഖ്യത്തിന് സ്വന്തം. ഡേവിഡ് വാര്‍ണറും ഷെയ്ന്‍ വാട്‌സണും നേടിയ 1154 റണ്‍സിന്റെ റിക്കാര്‍ഡാണ് ഇരുവരും മറികടന്നത്.

ആയിരത്തിന് മുകളില്‍ കൂട്ടുകെട്ടിലൂടെ റണ്‍സ് കണ്ടെത്തിയത് നാലു ജോഡികളാണ്. മാര്‍ട്ടിന്‍ ഗുപ്റ്റില്‍- കെയ്ന്‍ വില്യംസണ്‍ (1151) സഖ്യമാണ് മൂന്നാം സ്ഥാനത്ത്. അയര്‍ലന്‍ഡിന്റെ വില്യം പോര്‍ട്ടല്‍ഫീല്‍ഡ്- പോള്‍ സ്റ്റീര്‍ലിംഗ് ജോഡികളാണ് നാലാമത്. ഇതില്‍ ന്യൂസിലന്‍ഡ് സഖ്യം ഒഴിച്ച് ബാക്കിയുള്ള കൂട്ടുകെട്ടുകളെല്ലാം പിറന്നത് ഓപ്പണിംഗ് വിക്കറ്റിലാണ്.

മത്സരത്തിനിടെ കൂടുതല്‍ ടി20 റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റിക്കാര്‍ഡ് രോഹിത് സ്വന്തമാക്കിയിരുന്നു. അഞ്ചാമത്തെ ഓവറില്‍ തോമസിനെ പടുകൂറ്റന്‍ സിക്‌സറിന് പറത്തിയാണ് രോഹിത് നേട്ടം ആഘോഷിച്ചത്. കോഹ്‌ലി ഈ പരമ്പരയില്‍ കളിക്കാത്തതിനാല്‍ ഓസ്‌ട്രേലിയന്‍ പര്യടനം വരെ രോഹിത് ഒന്നാം സ്ഥാനത്ത് തുടരും. വെറും 62 ട്വന്റി-20 മാച്ചില്‍ നിന്നാണ് കോഹ്‌ലി 2102 റണ്‍സ് നേടിയത്.