SHARE

ക്രിക്കറ്റില്‍ റിക്കാര്‍ഡുകള്‍ക്ക് യാതൊരു പഞ്ഞവുമില്ല. എന്നാല്‍ നാണംകെട്ടൊരു റിക്കാര്‍ഡ് സ്വന്തമാക്കിയികരിക്കുകയാണ് ബംഗ്ലാദേശ് സ്പിന്നര്‍ മെഹദി ഹസര്‍ മിറാസ്. ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ഹാമില്‍ട്ടണിലാണ് യുവസ്പിന്നര്‍ നാണക്കേട് സ്വന്തം പേരില്‍ എഴുതിചേര്‍ത്തത്. ഈ നൂറ്റാണ്ടില്‍ ഒരു ഇന്നിംഗ്‌സില്‍ ഏറ്റവുമധികം റണ്‍സ് വിട്ടുകൊടുക്കുന്ന ബൗളറായിരിക്കുകയാണ് മെഹദി.

ന്യൂസിലന്‍ഡിനെതിരേ ആദ്യ ഇന്നിംഗ്‌സില്‍ 49 ഓവര്‍ പന്തെറിഞ്ഞ മെഹദിക്കെതിരേ കിവി ബാറ്റ്‌സ്മാന്മാര്‍ അടിച്ചെടുത്തത് 246 റണ്‍സാണ്. ഒരോവറില്‍ ശരാശരി 5.02 റണ്‍സ് വീതം! ആകെ രണ്ടോവര്‍ മാത്രമാണ് മെയ്ഡനാക്കാന്‍ ഈ പ്രതിഭാധനനായ സ്പിന്നര്‍ക്ക് സാധിച്ചത്. 22 വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് ഒരു ബൗളര്‍ ഒരിന്നിംഗ്‌സില്‍ ഇത്രയുമധികം റണ്‍സ് വിട്ടുകൊടുക്കുന്നത്.

1938ല്‍ ഇംഗ്ലണ്ടിനെതിരേ ഓസ്‌ട്രേലിയന്‍ ബൗളര്‍ ഫ്‌ളീറ്റ്‌വുഡ് സ്മിത്ത് 298 റണ്‍സ് വിട്ടുകൊടുത്തതാണ് റണ്‍സ് വിട്ടുകൊടുക്കലിലെ സര്‍വകാല റിക്കാര്‍ഡ്. അന്നുപോലും ഇക്കോണമി റേറ്റ് 3.42 മാത്രമായിരുന്നു. 87 ഓവര്‍ പന്തെറിഞ്ഞപ്പോഴാണ് സ്മിത്ത് അത്രയും റണ്‍സ് വിട്ടുകൊടുത്തത്. ബംഗ്ലാദേശിന്റെ ഏറ്റവും മികച്ച സ്പിന്നര്‍മാരില്‍ ഒരാളാണ് മെഹദി. ലോകകപ്പ് ടീമിലടക്കം മെഹദി സ്ഥാനംപിടിച്ചേക്കും.