SHARE

ഇന്ത്യയിൽ വെച്ചു നടന്ന പതിനാലാം സീസൺ ഐപിഎല്ലിന്റെ ആദ്യ പാദ മത്സരങ്ങൾ നഷ്ടമായ ദക്ഷിണാഫ്രിക്ക‌ൻ സ്റ്റാർ പേസർ ആൻറിച്ച് നോർക്കിയ ഇന്നലെ സൺ റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ഡെൽഹിക്കായി കളിച്ചിരുന്നു. ഐപിഎല്ലിന്റെ പതിനാലാം സീസണിലെ‌ താരത്തിന്റെ ആദ്യ മത്സരം കൂടിയായിരുന്നു ഇത്. മത്സരത്തിൽ നോർക്കിയ‌ എറിഞ്ഞ ആദ്യ പന്തിന്റെ വേഗത 148.2കിമീ/മണിക്കൂറായിരുന്നു. പിന്നാലെ ആ ഓവറിൽ അദ്ദേഹം എറിഞ്ഞ അഞ്ച്‌ പന്തുകളും 145 കിമീ/മണിക്കൂർ വേഗത്തിലുള്ളതായിരുന്നു.

തന്റെ എക്സ്പ്രസ് പേസ് കൊണ്ട് മത്സരത്തിൽ ഹൈദരാബാദ് ബാറ്റർമാരെ വട്ടം കറക്കിയ താരം ഈ ഒരൊറ്റ മത്സരത്തിൽ എറിഞ്ഞത് 2021 സീസൺ ഐപിഎല്ലിലെ ഏറ്റവും വേഗതയേറിയ എട്ട് പന്തുകളാണ്. ഐപിഎല്ലിൽ ഇക്കുറി രേഖപ്പെടുത്തിയ ഏറ്റവും വേഗതയേറിയ 10 പന്തുകളിൽ 8 എണ്ണവും നോർക്കിയയുടെ പേരിലാണ്. ഒരേയൊരു മത്സരത്തിലൂടെയാണ് ദക്ഷിണാഫ്രിക്കൻ താരം ഈ നേട്ടം കൈവരിച്ചത് എന്നതാണ് ശ്രദ്ധേയം.

ഹൈദരാബാദിനെതിരെ 151.71 കിമീ/മണിക്കൂർ വേഗതയിൽ നോർക്കിയ എറിഞ്ഞ പന്താണ് 2021 സീസൺ ഐപിഎല്ലിൽ ഇത് വരെയുള്ള ഏറ്റവും വേഗതയേറിയ പന്ത്. 151.37 കിമീ/മണിക്കൂർ, 150.83 കിമീ/മണിക്കൂർ, 150.21 കിമീ/മണിക്കൂർ, 149.97 കിമി/മണിക്കൂർ എന്നിങ്ങനെയാണ് ഇത്തവണത്തെ ഐപിഎല്ലിൽ ഏറ്റവും ഉയർന്ന വേഗത്തിലുള്ള‌ പന്തുകളിൽ 2 മുതൽ 5 വരെ സ്ഥാനങ്ങളിലുള്ളത്. ഇവയെല്ലാം എറിഞ്ഞത് നോർക്കിയ‌ തന്നെ. അതേ സമയം ഡെൽഹി ക്യാപിറ്റൽസ് താരം തന്നെയായ കാഗിസോ റബാഡയും, പഞ്ചാബ് കിംഗ്സിന്റെ ക്രിസ് ജോർദാനുമാണ് ഐപിഎല്ലിലെ ഇത്തവണത്തെ ഏറ്റവും വേഗതയേറിയ‌‌ 10 പന്തുകൾ എറിഞ്ഞവരുടെ പട്ടികയിൽ നോർക്കിയ അല്ലാതെ ഇടം പിടിച്ച രണ്ടേ രണ്ടു പേർ. 148.73 കിമീ/മണിക്കൂർ വേഗതയിൽ പന്തെറിഞ്ഞ റബാഡ ലിസ്റ്റിൽ ഒൻപതാമതും, 148.47 കിമീ/മണിക്കൂർ വേഗതയിൽ പന്തെറിഞ്ഞ ജോർദാൻ ലിസ്റ്റിൽ പത്താമതുമാണുള്ളത്.