SHARE

ഐ.പി.എല്ലിൽ ഇന്നലെ രാജസ്ഥാൻ റോയൽസിനെതിരായ ഡെൽഹി ക്യാപിറ്റൽസിന്റെ ജയത്തിൽ പ്രധാനപങ്ക് വഹിച്ചത് ദക്ഷിണാഫ്രിക്കൻ പേസറായ ആന്റിച്ച് നോർട്ടെയാണ്. 33 റൺസ് വഴങ്ങി രണ്ട് വിക്കറ്റാണ് നോർട്ടെ വീഴ്ത്തിയത്. എന്നാൽ വിക്കറ്റുകളെടുത്തതിലുപരി,താരത്തിന്റെ അതിവേ​ഗ പന്തുകളാണ് ആരാധകരെ അമ്പരപ്പിച്ചത്.

മത്സരത്തിൽ രാജസ്ഥാൻ ബാറ്റ് ചെയ്യവെ മൂന്നാം ഓവർ എറിയാനാണ് നോർട്ടെയെത്തിയത്. ഓവറിലെ അഞ്ചാം പന്ത് നോർട്ടെയെറിഞ്ഞത് മണിക്കൂറിൽ 156.2 കിലോമീറ്റർ വേ​ഗതയിൽ. ഈ പന്ത് ജോസ് ബട്ലർ ഫോറിന് പറത്തി. തൊട്ടടുത്ത പന്തിൽ ബട്ലറിന്റെ കുറ്റിതെറിപ്പിച്ചു നോർട്ടെ. ഈ പന്തിന്റെ വേ​ഗതയാകട്ടെ മണിക്കൂറിൽ 155.1 കിലോമീറ്റർ.

ഈ ഓവറിന് പിന്നാലെയാണ് ഐ.പി.എല്ലിലെ ഏറ്റവും വേ​ഗമേറിയ പന്ത് നോർട്ടെയാണ് എറിഞ്ഞതെന്ന വാദമുയർന്നത്. മണിക്കൂറിൽ 156.2 കിലോമീറ്റർ വേ​ഗത എന്നത് ആ വാദം ശരിവയ്പ്പിക്കും എന്നും തോന്നിയേക്കാം. എന്നാൽ ഐ.പി.എല്ലിലെ വേ​ഗമേറിയ പന്തിന് ഉടമ ഷോൺ ടയറ്റാണ്.

ക്രിക്കറ്റ് അഡിക്ടറിന്റെ വിവരങ്ങൾ പ്രകാരം ഓസ്ട്രേലിയൻ താരം ഷോൺ ടയറ്റ് 2011 ഇതിലും വേ​ഗമേറിയ പന്തെറിഞ്ഞ് റെക്കോർഡിട്ടിട്ടുണ്ട്. അന്ന് രാജസ്ഥാൻ റോയൽസ് താരമായിരുന്ന ടയറ്റ്, ഡെൽഹി ഡെയർഡെവിൾസിന്റെ ആരോൺ ഫിഞ്ചിനിതിരെയണ് വേ​ഗമേറിയ പന്തെറിഞ്ഞത്. അന്ന് ടയറ്റെറിഞ്ഞ പന്ത് മണിക്കൂറിൽ 157.7 കിലോമീറ്റർ വേ​ഗത കൈവരിച്ചിരുന്നു.