SHARE

സ്പാനിഷ് സൂപ്പർക്ലബ് ബാഴ്സലോണയുടെ യുവതാരം അൻസു ഫാറ്റി ഏജന്റിനെ മാറ്റിയതായി റിപ്പോർട്ടുകൾ. സൂപ്പർതാരം ലയണൽ മെസിയുടെ സഹാദരൻ റോഡ്രി​ഗോ മെസിയായിരുന്നു ഫാറ്റിയുടെ പ്രതിനിധി. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഏജന്റായ ജോർജെ മെൻഡിസിന ഫാറ്റി തന്റേയും ഏജന്റായി നിയമിച്ചതായാണ് മുണ്ടോ ഡിപോർട്ടീവോ റിപ്പോർട്ട് ചെയ്യുന്നത്.

കഴിഞ്ഞ വർഷമാണ് 17-കാരനായ ഫാറ്റി ബാഴ്സ ഫസ്റ്റ് ടീമിൽ അരങ്ങേറ്റം കുറിച്ചത്. അന്ന് മുതൽ തന്നെ റോഡ്രി​ഗോ മെസിയാണ് താരത്തെ പ്രതിനിധീകരിച്ചിരുന്നത്. എന്നാലിപ്പോൾ റോഡ്രി​ഗോയെ ഏജന്റ് സ്ഥാനത്ത് നിന്ന് മാറ്റുകയാണ്. ഇതിന്റെ കാരണം എന്തെന്ന് വ്യക്തമല്ല. ഫാറ്റി കൂടി എത്തുന്നതോടെ പോർച്ചു​ഗീസുകാരനായ മെൻഡെസ് പ്രതിനിധീകരിക്കുന്ന ബാഴ്സ താരങ്ങളുടെ എണ്ണം രണ്ടായി. പോർച്ചു​ഗീസ് താരം തന്നെയായ നെൽസൻ സെമാഡോയാണ് മറ്റോരാൾ.

കഴിഞ്ഞ വർഷം ഓ​ഗസ്റ്റിലാണ് ഫാറ്റി ബാഴ്സയ്ക്കായി ഫസ്റ്റ് ടീമിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് എല്ലാ പോരാട്ടങ്ങളിൽ നിന്നുമായി 33 തവണ ഈ വിങ്ങർ ബാഴ്സ ജേഴ്സിയണിഞ്ഞു. എട്ട് ​ഗോളുകളും ഈ ലാ മാസിയ താരം നേടി.