ഗോകുലം കേരളയുമായുള്ള ബന്ധം അവസാനിച്ച് അന്റോണിയോ ജെര്‍മന്‍ പോയത് ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. ഗോകുലം ക്യാംപില്‍ പൊട്ടിത്തെറിയോ എന്ന സംശയം ആരാധകരില്‍ സൃഷ്ടിക്കാന്‍ ജെര്മന്റെ സോഷ്യല്‍മീഡിയ പോസ്റ്റും തുടര്‍ചര്‍ച്ചകളും വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ടീമിലെ പ്രശ്നങ്ങളല്ല വ്യക്തിപരമായി ജെര്‍മന്‍ ടീമുമായി ഒത്തുപോകാന്‍ പറ്റാത്തതാണ് കരാര്‍ റദ്ദാക്കാന്‍ കാരണം.
വലിയ താരങ്ങളില്ലാത്ത ചെറിയ ടീമാണ് ഗോകുലം. ആ ടീമിലെ വലിയ പേരുകാരനായിരുന്നു ജെര്‍മന്‍. പലപ്പോഴും സ്വന്തം നേട്ടത്തിനെന്ന പോലെ ജെര്‍മന്‍ കളത്തില്‍ പെരുമാറുകയും ചെയ്തിരുന്നു. മറ്റു കളിക്കാര്‍ ഒരു ടീമെന്ന പോലെ കളിക്കുമ്പോള്‍ ജെര്മന്റെ സ്വാര്‍ഥത ടീമിനെ പിന്നോട്ടു വലിച്ചിരുന്നു. ചര്‍ച്ചില്‍ ബ്രദേഴ്സിനെതിരായ മത്സരത്തില്‍ കോച്ച് ബിനോ ജോര്‍ജ് ഇടയ്ക്ക് പിന്‍വലിച്ചത് ജെര്‍മനെ ചൊടിപ്പിക്കുകയും ചെയ്തിരുന്നു.
ജെര്‍മന്‍ ടീം വിട്ടത് ഒരുതരത്തില്‍ ഗോകുലത്തിന് അനുഗ്രഹമാണ്. കാര്യമായ മികവൊന്നും കാഴ്ച്ചവയ്ക്കാന്‍ താരത്തിന് സാധിച്ചിരുന്നില്ല. പുതിയ കളിക്കാരനെ ടീമിലെത്തിക്കാന്‍ ജെര്മന്റെ പിന്മാറ്റം ഗോകുലത്തെ സഹായിക്കും. ചില ലാറ്റിനമേരിക്കന്‍ താരങ്ങളുമായി ടീം മാനേജ്മെന്റ് ചര്‍ച്ച നടത്തിയിട്ടുണ്ട്. രണ്ടുദിവസത്തിനുള്ളില്‍ പുതിയ താരവുമായി കരാറില്‍ ഒപ്പിടുമെന്നാണ് സൂചനകള്‍.