SHARE

ഫ്രഞ്ച് താരം എൻ​ഗോളോ കാന്റെയെ ടീമിലെത്തിക്കാൻ വമ്പൻ നീക്കങ്ങളുമായി ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാൻ. കാന്റെയെ കൊണ്ടുവരുന്നതിനായി മധ്യനിരതാരങ്ങളായ ക്രിസ്റ്റ്യൻ എറിക്സനേയും മാഴ്സലോ ബ്രോസോവിച്ചിനേയും വിൽക്കാനാണ് ഇന്റർ തയ്യാറെടുക്കുന്നത്. കാന്റെയുടെ ക്ലബായ ചെൽസിക്ക് തന്നെ ഈ താരങ്ങളെ നൽകാനും ഇന്റർ തയ്യാറാണെന്നാണ് സൂചന.

കാന്റെ ചെൽസിയിലെത്തുന്നത് അന്റോണിയോ കോണ്ടെ പരിശീലകനായിരിക്കുമ്പോഴാണ്. ഇപ്പോൾ ഇന്റർ മിലാൻ പരിശീലകനായ കോണ്ടെയ്ക്ക് തന്റെ പഴയ പടയാളിയെ ഒപ്പം കൂട്ടാനാണ് ആ​ഗ്രഹം. ചെൽസിയുടെ പ്രധാന താരമാണെങ്കിലും അവർ കാന്റെയെ വിൽക്കാൻ തയ്യാറാമെന്നാണ് സൂചന. ഏതാണ്ട് 60 ദശലക്ഷം യൂറോയാണ് ചെൽസി കാന്റെയ്ക്കായി ആവശ്യപ്പെടുന്നത്.

ഈ സാഹചര്യത്തിൽ ആദ്യം താരങ്ങളെ വിറ്റ് പണം കണ്ടെത്താനാണ് ഇന്ററിൻെ നീക്കം. എറിക്സന്റേയും ബ്രോസോവിച്ചിന്റേയും വിൽപ്പനയിലൂടെ ഈ പണം കണ്ടെത്താനാകുമെന്നാണ് ഇന്ററിന്റെ പ്രതീക്ഷ. ചെൽസിക്ക് തന്നെ ഇരുതാരങ്ങളേയും നൽകി പകരം കാന്റെയെ സ്വന്തമാക്കാനുള്ള സ്വാപ് ഡീലും ക്ലബിന്റെ മനസിലുണ്ട്. എന്നാൽ മുമ്പ് കോണ്ടെ ചെൽസിയുമായി ഉടക്കിയാണ് പുറത്തേക്ക് പോയതെന്ന കാര്യം, സ്വാപ് ഡീലിനോട് ഇം​ഗ്ലീഷ് ക്ലബ് വിയോജിക്കാൻ കാരണമാകും.

2016-ലാണ് കാന്റെ ചെൽസിയിലെത്തുന്നത്. തുടർന്നിതുവരെ നാല് സീസണുകളിലായി 170-ഓളം മത്സരങ്ങളിൽ കാന്റെ ചെൽസി ജേഴ്സിയണിഞ്ഞു. 2016-17 സീസണിൽ പ്രീമിയർ ലീ​ഗിലെ മികച്ച യുവതാരത്തിനുള്ള പുരസ്കാരവും കാന്റെയ്ക്കായിരുന്നു.