SHARE

അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച സൂപ്പർതാരങ്ങളായ ആന്ദ്രേസ് ഇനിയേസ്റ്റയും ജെറാർഡ് പിക്വെയും സ്പാനിഷ് ദേശീയ ടീമിലേക്ക് തിരിച്ചെത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. ഈ വർഷം നടക്കുന്ന ഒളിംപിക്സിൽ പങ്കെടുക്കാനുള്ള ടീമിലേക്കുള്ള ആദ്യ ഘട്ട പട്ടികയിൽ ഇരുതാരങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

സാധാരണ​ഗതിയിൽ യുവനിരയെയാണ് ദേശീയ ടീമുകൾ ഒളിംപിക്സിന് അയക്കുക. എങ്കിൽ കൂടിയും 23 വയസിന് മുകളിലുള്ള മൂന്ന് താരങ്ങളെ ഉൾപ്പെടുത്താൻ അനുമതിയുണ്ട്. ഈ ആനുകൂല്യം മുതലാക്കിയാണ് നേരത്തെ വിരമിച്ച ഇനിയേസ്റ്റയേയും പിക്വെയേയും ഒരിക്കൽ കൂടി ദേശീയ ജേഴ്സി അണിയിക്കാനുള്ള നീക്കങ്ങൾ നടക്കുന്നത്. ഇവർക്കൊപ്പം, നിലവിൽ സ്പാനിഷ് ടീം ക്യാപ്റ്റനായ സെർജിയോ റാമോസായിരിക്കും മൂന്നാമത്തെ സീനിയർ താരമെന്നാണ് സൂചന. ഇവർക്കൊപ്പം അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച ഡേവിഡ് സിൽവയും പേരും പര​ഗണിക്കുന്നുണ്ട്

ഒളിംപിക് സ്വർണമെഡൽ എന്ന ലക്ഷ്യം ഇക്കുറി സ്പാനിഷ് ഫുട്ബോൾ അധികൃതരുടെ മനസിലുണ്ട്. ഇതുപ്രകാരമാണ് സീനിയർ താരങ്ങളെ കൂടി ടീമിൽ ഉൾപ്പെടുത്താനുള്ള നീക്കം. ഒളിംപിക്സ് കളിക്കാനുള്ള താൽപര്യം റാമോസ് നേരത്തെ അറിയിച്ചിട്ടുണ്ട്. പിക്വെയും ഏതാണ്ട് തയ്യറാണ്. എന്നാൽ ഇനിയേസ്റ്റയുടെ കാര്യത്തിൽ വ്യക്തതയൊന്നുമില്ല. ഇനിയേസ്റ്റ ഇപ്പോൽ കളിക്കുന്ന ജപ്പാനിലെ ടോക്കിയോയിലാണ് ഇക്കുറി ഒളിംപിക്സ്

1992-ലാണ് ഒളിംപിക് ഫുട്ബോളിലെ സ്പെയിന്റെ ഏക സ്വർണനേട്ടം. ഇന്നത്തെ സ്പാനിഷ് ദേശീയ ടീം പരിശീലകൻ ലൂയിസ് എന്റിക്വെയും വിഖ്യാത പരിശീലകൻ പെപ് ​ഗ്വാർഡിയോളും അന്ന് ടീമം​ഗങ്ങളായിരുന്നു. ദേശീയ ടീം പരിശീലകനാണെങ്കിലും ഇക്കുറി എന്റിക്വെയ്ക്കായിരിക്കില്ല ഒളിംപിക്സ് ടീം ചുമതല. അണ്ടർ 21 ടീം പരിശീലകനാകും ടീമിനെ അണിനിരത്തുക