SHARE

പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിച്ച് മുന്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് താരം അറാട്ട ഇസുമി. ഐ എസ് എല്‍ നാലാം സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി ആറു മത്സരങ്ങള്‍ കളിച്ച താരത്തിന് ഫോമിലെത്താന്‍ കഴിഞ്ഞിരുന്നില്ല. അതിന് ശേഷം ഇപ്പോൾ 35കാരനായ താരം കളി മതിയാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ഇസുമി തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ജാപ്പനീസ് വംശജനായ ഇസുമി 2006ല്‍ ഈസ്റ്റ് ബംഗാളിലൂടെയാണ് ഇന്ത്യന്‍ ഫുട്‌ബോളിലെത്തുന്നത്. പിന്നീട് മഹീന്ദ്ര യുണൈറ്റഡ് എഫ് സി, പൂനെ എഫ് സി, എ ടി കെ, മുംബൈ എഫ് സി, എഫ് സി പൂനെ സിറ്റി, നെറോക്ക എഫ് സി തുടങ്ങിയ ടീമുകള്‍ക്ക് വേണ്ടിയും കളിച്ചു. 2017ലാണ് താരം ബ്ലാസ്റ്റേഴ്‌സിലെത്തിയത്. അവസാനമായി കളിച്ചതും ബ്ലാസ്റ്റേഴ്‌സിന് വേണ്ടിയായിരുന്നു. ഇന്ത്യന്‍ ദേശീയ ടീമിന് വേണ്ടി 9 മത്സരങ്ങളും താരം കളത്തിലിറങ്ങിയിട്ടുണ്ട്.

കളി അവസാനിപ്പിച്ച ഇസുമി റിലയന്‍സ് ഫൗണ്ടേഷന്‍ യംഗ് ചാംപ്‌സ് പരിപാടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 15 പ്രതിഭയുള്ള താരങ്ങളെ അവരുടെ വലിയ സ്വപ്‌നങ്ങളിലേക്ക് നയിക്കുകയെന്ന ഉത്തരവാദിത്വം തന്റെ ചുമലിലാണെന്ന് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. പുതിയ വെല്ലുവിളി ഏറ്റെടുക്കുകയാണെമന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.