SHARE

പന്ത് കൊണ്ട് മികച്ച ഫോമിലാണെങ്കിലും ബാറ്റിംഗിൽ നിരാശ മാത്രമാണ് തന്റെ ആദ്യ സീസൺ ഐപിഎൽ വിൻഡീസ് താരം ജോഫ്ര ആർക്കറിന് സമ്മാനിക്കുന്നത്. സീസണിൽ ഒരു മത്സരത്തിൽ പോലും രണ്ടക്കം കടക്കാൻ കഴിയാതിരുന്ന ആർക്കർ ഇന്ന് ബാംഗ്ലൂരിനെതിരെ നടന്ന മത്സരത്തോടെ ഐപിഎല്ലിലെ ഒരു നാണം കെട്ട റെക്കോർഡിനുമൊപ്പമെത്തി.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ഐപിഎല്ലിൽ തങ്ങളുടെ ജീവന്മരണ പോരാട്ടത്തിൽ ആദ്യം ബാറ്റ് ചെയ്യുന്ന രാജസ്ഥാന് വേണ്ടി പതിവിൽ നിന്ന് വ്യത്യസ്തനായി ഓപ്പണറായാണ് ആർക്കർ ഇന്ന് ബാറ്റിംഗിനിറങ്ങിയത്. എന്നാൽ നാല് പന്തുകൾ മാത്രം നേരിട്ട് ഉമേഷ് യാദവിന്റെ ബോളിൽ പൂജ്യനായി താരം പുറത്താവുകയായിരുന്നു. ഇതോടെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അരങ്ങേറ്റ സീസണിൽ മൂന്ന് തവണ പൂജ്യത്തിന് പുറത്താകുന്ന നാലാം താരമായി ആർക്കർ മാറി. ഇതിൽ രണ്ട് തവണ നേരിട്ട ആദ്യ പന്തിൽത്തന്നെയാണ് ആർക്കറിന് വിക്കറ്റ് നഷ്ടമായത്.

2011 കൊച്ചി ടസ്കേഴ്സിന്റെ താരമായിരുന്ന റൈഫി വിൻസന്റ് ഗോമസാണ് അരങ്ങേറ്റ സീസണിൽ മൂന്ന് തവണ പൂജ്യത്തിന് പുറത്താകുന്ന ആദ്യ താരം. 2011ൽ ബാംഗ്ലൂർ താരം രവി രാം പോളും, കഴിഞ്ഞ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ കോളിൻ ഡി ഗ്രാൻഡ് ഹോമും സമാന നാണക്കേട് ഏറ്റുവാങ്ങിയിരുന്നു.