SHARE

മത്സരത്തിനിടെ അസിസ്റ്റന്റ് റഫറിക്ക് നേരെ ആക്രോശിക്കുകയും പിടിച്ചുതള്ളുകയും ചെയ്ത തുർക്കി സൂപ്പർ താരം അർദാ ടുറാന് പതിനാറ് മത്സരങ്ങളിൽ നിന്ന് വിലക്ക് ഏർപ്പെടുത്തി. തുർക്കിഷ് ലീ​ഗിലെ ബസക്ഷിറിന്റെ കളിക്കാരനാണ് ടുറാൻ. ജനുവരിയിലാണ് ബാഴ്സലോണയിൽ നിന്ന് ലോണടിസ്ഥാനത്തിൽ ടുറൻ തുർക്കിയിൽ മടങ്ങിയെത്തിയത്.

കഴിഞ്ഞ ദിവസം തുർക്കിഷ് ലീ​ഗിൽ ബസക്ഷിറും സിവാസ്പോറും തമ്മിൽ നടന്ന മത്സരത്തിനിടെയാണ് വിവാദസംഭവങ്ങൾ ഉണ്ടായത്. മത്സരത്തിൽ ബസ്ക്ഷിർ ഒരു ​​ഗോളിന് ലീഡ് ചെയ്യുകയായിരുന്നു. എന്നാൽ അവസാന നിമിഷങ്ങളിൽ സിവാസ്പോർ സമനില പിടിച്ചു. തുടർന്ന് തിരിച്ചു​ഗോൾ നേടാനുള്ള ബസ്ക്ഷിറിന്റെ ശ്രമത്തിനിടെയാണ് പ്രശനങ്ങൾ ഉണ്ടയാത്.

വലതുവിങ്ങിലൂടെ പന്തുമായി മുന്നേറുന്നതിനിടെ സിവാസ്പോർ താരം ടുറാനെ ടാക്കിള്‌ ചെയ്തു. ഫൗളിനായി ടുറാൻ വാദിച്ചെങ്കിലും റഫറി അനുവദിച്ചില്ല, മാത്രവുമല്ല, സിവാസ്പോറിന് അനുകൂലമായി തീരുമാനമെടുക്കുകയും ചെയ്തു. ഇതിൽ പ്രകോപിതനായ ടുറാൻ അസിസ്റ്റന്റ് റഫറിക്ക് നേരെ പാഞ്ഞടുക്കുകയും പിടിച്ചു തള്ളുകയുമായിരുന്നു. ഉടൻ തന്നെ മാച്ച് റഫറി ടുറാന് നേരെ ചുവപ്പുകാർഡുയർത്തി.

സംഭവം വിവാദമായതോടെ തുർക്കിഷ് ഫുട്ബോൾ അസോസിയേഷൻ ടുറാൻ 16 മത്സരങ്ങളിൽ നിന്ന് വിലക്കേർപ്പെടുത്തി. ഇതിനുപുറമേ, 7000-യൂറോയോളം പിഴയും ടുറാന് വിധിച്ചു. അടുത്തിടെ തുർക്കിഷ് കപ്പ് സെമിഫൈനലിൽ ഫെനർബാഷെയെും ബെസിക്തസും തമ്മിലുള്ള മത്സരത്തിനിടെ ആരാധകരും കളിക്കാരും ഏറ്റുമുട്ടുകയും, പരിശീലകന് പരിക്കേൽക്കുകയും ചെയ്ത സംഭവം വൻ വിവാദമായിരുന്നു