SHARE

തുർക്കി ഫുട്ബോളിലെ സൂപ്പർതാരം അർദാ ടൂറാൻ ചെറിയൊരിടവേളയ്ക്ക് ശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു. ജർമനിയിലെ രണ്ടാം ഡിവിഷൻ ക്ലബായ ഹാന്നോവറാണ് ടൂറാനുമായി ചർച്ച നടത്തുന്നത്. ഈ നീക്കം വിജയം കണ്ടേക്കുമെന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അത്ലെറ്റിക്കോ മഡ്രിഡിന്റെ സൂപ്പർതാരമായിരുന്ന ടൂറാന്റെ കരിയർ ​ഗ്രാഫ് താഴേക്കായത് ബാഴ്സയിലെത്തിയതോടെയാണ്. ആദ്യ ഇലവനിൽ സ്ഥാനം കിട്ടാതെ വലഞ്ഞ ടൂറാൻ ഒടുവിൽ തുർക്കി ക്ലബ് ഇസ്താംബൂൾ ബസെക്ഷിറിനായി ലോണിൽ കളിക്കാൻ പോകുകയായിരുന്നു. എന്നാൽ തുർക്കി ക്ലബിൽ താരത്തിന് വളരെ മോശം കാലമായിരുന്നു. കളിക്കളത്തിന് പുറത്തെ പ്രശ്നങ്ങളായിരുന്നു ഇതൊക്കെ. ഒടുവിൽ ജനുവരിയിൽ ക്ലബ് താരത്തിന്റെ ലോൺ കരാർ റദ്ദാക്കി. ഇതോടെ കളിക്കളത്തിൽ നിന്ന് കുറച്ചുനാളായി വിട്ടുനിൽക്കുകയാണ് ടൂറാൻ. ബാഴ്സയുമായുണ്ടായിരുന്ന കരാർ ജൂൺ 30-ന് അവസാനിക്കുകയും ചെയ്തു.

ടൂറാനുമായി ചർച്ച മുന്നോട്ടുപോകുകയാണെന്നും താരത്തെ ടീമിലെത്തിക്കാൻ സാമ്പത്തിക സ്ഥിതിയുണ്ടെന്നാണ് ക്ലബ് പരിശീലകൻ കെനാൻ കൊസാക്ക് പറയുന്നത്. അതേസമയം തന്നെ ടൂറാന്റെ ആദ്യ ക്ലബാല ​ഗലാറ്റസരെയും താരത്തെ തിരിച്ചെത്തിക്കാൻ ആ​ഗ്രഹിക്കുന്നുണ്ടെന്നാണ് സൂചനകൾ. 2011-ൽ ​ഗലാറ്റസരെയിൽ നിന്ന് അന്ന് തുർക്കി താരത്തിന് ലഭിക്കുന്ന റക്കോർഡ് ട്രാൻസ്ഫർ തുക മുടക്കിയാണ് അത്ലെറ്റിക്കോ ടൂറാനെ റാഞ്ചിയത്.