SHARE

ന്യൂസിലൻഡിനെതിരെയായ ആദ്യ ഏകദിനത്തിൽ തകർപ്പൻ ബാറ്റിംഗായിരുന്നു ഇന്ത്യൻ താരങ്ങളായ ശ്രേയസ് അയ്യറും, കെ എൽ രാഹുലും പുറത്തെടുത്തത്. ഇന്ത്യ പരാജയപ്പെട്ട മത്സരത്തിൽ അയ്യർ സെഞ്ചുറി നേടിയപ്പോൾ, രാഹുൽ സെഞ്ചുറിക്ക് അടുത്തെത്തി. കരിയറിലെ സ്വപ്ന ഫോമിലൂടെ കടന്ന് പോകുന്ന രാഹുൽ തകർപ്പൻ ബാറ്റിംഗ് വെടിക്കെട്ടായിരുന്നു മത്സരത്തിൽ പുറത്തെടുത്തത്.

മധ്യനിരയിൽ ബാറ്റിംഗിനിറങ്ങിയ രാഹുൽ ഏറെ അനായാസമായിട്ടായിരുന്നു തന്റെ ഇന്നിംഗ്സിന്റെ തുടക്കം മുതൽ അവസാനം വരെ കിവീസ് ബോളർമാരെ നേരിട്ടത്. രാഹുൽ ബാറ്റിംഗിനെത്തിയ സമയം ശ്രേയസ് അയ്യറായിരുന്നു ക്രീസിലുണ്ടായിരുന്നത്. രാഹുലിന്റെ അനായാസ ബാറ്റിംഗ് മറുവശത്തുണ്ടായിരുന്ന അയ്യറിനെപ്പോലും അമ്പരപ്പിച്ചു. ഇപ്പോളിതാ രാഹുൽ മത്സരത്തിലെ ആദ്യ സിക്സർ നേടിയപ്പോൾ താൻ എന്താണ് അദ്ദേഹത്തോട് പറഞ്ഞതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അയ്യർ.

അയ്യറിന്റെ വാക്കുകൾ ഇങ്ങനെ, ” രാഹുൽ ക്രീസിലെത്തി അധികം വൈകാതെ ആദ്യ സിക്സർ നേടിയപ്പോൾ ഞാൻ അദ്ദേഹത്തോട് , നിങ്ങൾ ക്രിക്കറ്റ് ബോൾ കാണുന്നത് ഒരു ഫുട്ബോൾ പോലെയാണോ എന്ന് ചോദിച്ചു. അത് കേട്ട അദ്ദേഹം എന്നെ നോക്കി ചിരിച്ചു. മാസ്മരിക ഫോമിലൂടെയാണ് രാഹുൽ കടന്ന് പോകുന്നത്. ഒരു ബാറ്റ്സ്മാനെന്ന നിലയിൽ അദ്ദേഹത്തിൽ നിന്ന് ഏറെ പഠിക്കാനുണ്ട്. ” അയ്യർ പറഞ്ഞുനിർത്തി.