SHARE

ലോകകപ്പിലെ നിരാശാജനകമായ പ്രകടനത്തിന്‌ ശേഷം അർജന്റീനാ, ബ്രസീൽ ദേശീയ ടീമുകൾ വീണ്ടും കളിക്കളത്തിലേക്കെത്തുന്നു‌. നാളെയാണ് ഇരു ടീമുകളും ലോകകപ്പിന് ശേഷമുള്ള തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുക. നാളെ ഇന്ത്യൻ സമയം പുലർച്ചെ 5 മണിക്ക് നടക്കുന്ന മത്സരത്തിൽ ബ്രസീൽ, യു.എസിനേയും അർജന്റീന, ഗ്വാട്ടിമാല യേയും നേരിടും. മത്സരത്തിന്റെ ടെലിവിഷനിലൂടെയുള്ള തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കില്ലെന്നത് ആരാധകർക്ക് അല്പം നിരാശ സമ്മാനിക്കുന്നുണ്ട്.

നെയ്മർ ബ്രസീലിന്റെ സ്ഥിരം ക്യാപ്റ്റനായി ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ മത്സരമാണ് നാളെ നടക്കുന്നത്. സൂപ്പർ താരങ്ങളായ മാഴ്സലോയും, ഗബ്രിയേൽ ജീസസുമില്ലാതെയാണ് കാനറികൾ മത്സരത്തിനിറങ്ങുക. കിരീട പ്രതീക്ഷയുമായി ലോകകപ്പിനെത്തി നിരാശയോടെ മടങ്ങേണ്ടി വന്ന ബ്രസീലിന് നാളത്തെ മത്സരം ജയിക്കേണ്ടത് അഭിമാന പ്രശ്നം കൂടിയാണ്.

അതേ സമയം സൂപ്പർ താരം ലയണൽ മെസിയില്ലാതെയാണ് അർജന്റീന, ഗ്വാട്ടിമാലയെ നേരിടുക. ലോകകപ്പ് തോൽവിക്ക് ശേഷം ദേശീയ ടീമിൽ നിന്ന് തൽക്കാലത്തേക്ക് മാറിനിൽക്കാൻ മെസി തീരുമാനിച്ചതിനാലാണ് അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്താതിരുന്നത്. മെസിയ്ക്ക് പകരം യുവന്റസ് താരം പൗളോ ഡിബാലയ്ക്കും, ഇന്ററിന്റെ മൗറോ ഇക്കാർഡിക്കുമാകും ടീമിന്റെ ആക്രമണ ചുമതല. താരതമ്യേന പരിചയസമ്പത്ത് കുറഞ്ഞ താരനിരയുമായി നാളത്തെ മത്സരത്തിനിറങ്ങുന്ന അർജന്റീന വിജയത്തിൽ കുറഞ്ഞതൊന്നും സ്വപ്നം കാണുന്നില്ല‌.