SHARE

കോപ്പ അമേരിക്ക ടൂർണമെന്റിനുള്ള അർജന്റീനയുടെ അന്തിമസ്ക്വാഡ് പ്രഖ്യാപിച്ചു. 28 അം​ഗ സ്ക്വാഡിൽ ലയണൽ മെസി, ഏയ്ഞ്ചൽ ഡി മരിയ, സെർജിയോ അ​ഗ്യൂറോ തുടങ്ങിയവരൊക്കെ ഇടം പിടിച്ചു. എന്നാൽ കഴിഞ്ഞ കുറച്ചുനാളുകളായി ടീമിൽ സ്ഥിരം സാന്നിധ്യമായിരുന്ന ചില താരങ്ങളുടെ ഒഴിവാക്കൽ അപ്രതീക്ഷിതമായി.

സ്പാനിഷ് ക്ലബ് സെവിയ്യുടെ വിങ്ങർ ലൂക്കാസ് ഓകാംപോസ്, സ്പാനിഷ് ക്ലബ് തന്നെയായ വിയ്യാറയലിനായി കളിച്ച പ്രതിരോധതാരം ജുവാൻ ഫോയ്ത് എന്നിവരുടെ ഒഴിവാക്കലാണ് അപ്രതീക്ഷിതമായത്. ലയണൽ സ്കലോണി പരിശീലകനായെത്തിയശേഷം അർജന്റീന ടീമിൽ സ്ഥിരമായി കളിച്ചിരുന്നവരാണ് ഇവർ. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന അർജന്റീനയുടെ ലോകകപ്പ് യോ​ഗ്യതാ മത്സരങ്ങളിലും ഇവർ കളിച്ചരുന്നതാണ്. അറ്റലാന്റയ്ക്കായി കളിക്കുന്ന സെന്റർ‍ബാക്ക് ഹോസെ പാലോമിനോ, അടുത്തിടെ ആസ്റ്റൺ വില്ല റെക്കോർഡ് തുകയ്ക്ക് സൈൻ ചെയ്ത എമിലിയാനോ ബ്യൂൻഡിയ എന്നിവരാണ് ഒഴിവാക്കപ്പെട്ട മറ്റ് പ്രധാനികൾ.

കഴിഞ്ഞ മത്സരത്തിലെ പ്രകടനത്തിന്റെ പേരിൽ പഴികേട്ട പ്രതിരോധതാരം നിക്കോളാസ് ഒട്ടാമെൻഡി സ്ക്വാഡിലുണ്ട്. എമിലിയാനോ മാർട്ടിനെസ്, ഫ്രാങ്കോ അർമാനി എന്നിവരടക്കം നാല് ​ഗോളിമാർ സക്വാഡിലിടം പിടിച്ചു. ക്രിസ്റ്റ്യൻ റൊമേറോ, നിക്കോളാസ് ടാ​ഗ്ലിയാഫിക്കോ,മാർക്കോസ് അകുന, ലിസാൻഡ്രോ മാർട്ടിനെസ്, ലിയാൻഡ്രോ പരേഡസ്, ജിയാവാനി ലോ കെൽസോ, റോഡ്രി​ഗോ ഡി പോൾ, ലോത്താരോ മാർട്ടിനെസ് തുടങ്ങിയ പ്രധാനികളൊക്കെ 28 അം​ഗ സ്ക്വാഡിലുൾപ്പെട്ടു.