SHARE

റഷ്യക്കെതിരെ നടന്ന രാജ്യാന്തര സൗഹൃദ മത്സരത്തിൽ അർജന്റീനയ്ക്ക് ഒരു ഗോളിന്റെ ജയം. മത്സരത്തിന്റെ എൺപത്തിയാറാം മിനുറ്റിലായിരുന്നു സെർജിയോ അഗ്യൂറോയുടെ വിജയഗോൾ പിറന്നത്.

റഷ്യയിലെ ലുസിങ്കി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അർജന്റീനയുടെ സമ്പൂർണ ആധിപത്യം കണ്ടെങ്കിലും ഗോളുകൾ നേടാൻ അവർക്ക് കഴിയാതിരുന്നത് മത്സരത്തിന്റെ ആവേശം കെടുത്തി. ഇരുപത് ഷോട്ടുകൾ ഗോൾ പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തെങ്കിലും അവയിൽ ഒന്നു മാത്രമാണ് ഗോളാക്കി മാറ്റാൻ സാമ്പോളിയുടെ സംഘത്തിന് കഴിഞ്ഞത്.

മുന്നേറ്റത്തിൽ ഡിമരിയയും മെസിയും അഗ്യൂറോയുമെല്ലാം അണിനിരന്നിട്ടും താരതമ്യേന ദുർബലരായ റഷ്യക്കെതിരെ ഒരു ഗോൾ നേടാൻ മാത്രമേ കഴിഞ്ഞുള്ളൂ എന്നത് വരും മത്സരങ്ങളിൽ സാമ്പോളിക്ക് തലവേദന സൃഷ്ടിക്കുന്ന കാര്യമാണ്. നവംബർ പതിനാലാംതീയതി നൈജീരിയയ്ക്കെതിരെയാണ് അർജന്റീനയുടെ അടുത്ത മത്സരം.