SHARE

പരിക്കിനെത്തുടർന്ന് ലോകകപ്പിൽ നിന്ന് പുറത്തായ മധ്യനിരതാരം മാനുവൽ ലാൻസീനിക്ക് പകരം റിവർപ്ലേറ്റ് മിഡ്ഫീൽഡർ എൻസോ പെരസിനെ ടീമിൽ ഉൾപ്പെടുത്തി അർജന്റീന. കഴിഞ്ഞ ദിവസമാണ് പരിശീലനത്തിനിടെ സംഭവിച്ച പരിക്കിനെത്തുടർന്ന് ലൻസീനിക്ക് റഷ്യൻ ലോകകപ്പിൽ കളിക്കാനാവില്ലെന്ന് ഉറപ്പായത്‌‌. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീം വെസ്റ്റ് ഹാം യുണൈറ്റഡിന്റെ താരമായിരുന്നു ലാൻസീനി.

ലാൻസീനിക്ക് പകരം ടീമിലെത്തിയ എൻസോ പെരസ് അർജന്റീന ഫൈനലിലെത്തിയ കഴിഞ്ഞ ലോകകപ്പിലെ മൂന്ന് മത്സരങ്ങളിൽ കളിക്കാനിറങ്ങിയിരുന്നു. ഹോളണ്ടിനെതിരായ സെമിയിലും, ജെർമ്മനിക്കെതിരായ ഫൈനൽ മത്സരത്തിലും ആദ്യ ഇലവനിൽ താരം കളിച്ചു. ഈ വർഷം ഇതേ വരെ അർജന്റീനയ്ക്ക് വേണ്ടി കളിച്ചിട്ടില്ലെങ്കിലും കഴിഞ്ഞ ഒക്ടോബറിൽ ഇക്വഡോറിനെതിരെ നടന്ന ലോകകപ്പ് യോഗ്യതാ റൗണ്ടിലെ നിർണായക മത്സരത്തിൽ താരം ടീമിലുണ്ടായിരുന്നു.

ഈ മാസം 14-ം തീയതി തുടങ്ങുന്ന ലോകകപ്പില്‍ ക്രൊയേഷ്യ, ഐസ്‌ലന്‍ഡ്, നൈജീരിയ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് ഡിയിലാണ് അര്‍ജന്റീനയുടെ സ്ഥാനം. 16ന് ഐസ്‌ലന്‍ഡിനെതിരെയാണ് അവരുടെ ആദ്യ മത്സരം.