SHARE

ലോകമെമ്പാടുമുള്ള കാൽപ്പന്ത് ആരാധകർക്ക് ആവേശം പകർന്ന് വൻകര ചാമ്പ്യന്മാരുടെ കൊമ്പുകോർക്കൽ. യൂറോ കപ്പ് ജേതാക്കളായ ഇറ്റലിയും കോപ്പാ അമേരിക്ക ജേതാക്കളായ അർജന്റീനയും തമ്മിലുള്ള ആവേശപ്പോരാട്ടം അടുത്ത വർഷം ജൂൺ ഒന്നിന് നടക്കും. ഫൈനലിസ്സിമ എന്ന് പേരിട്ടിരിക്കുന്ന ഈ പോരാട്ടത്തിന് ലണ്ടനാണ് വേദിയാകുക. ഏത് സ്റ്റേഡിയത്തിലാണ് മത്സരമെന്നത് പ്രഖ്യാപിച്ചിട്ടില്ല.

യൂറോപ്പിലെ ഫുട്ബോൾ അധികാരികളായ യുവേഫയും ലാറ്റിനമേരിക്കയിലെ ഫുട്ബോൾ നേതൃത്വമായ കോൺമിനബോളും ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് അർജന്റീന-ഇറ്റലി പോരാട്ടത്തിന് ധാരണയായത്. രണ്ട് വർഷം കൂടുമ്പോൾ ലോകകപ്പ് നടത്താനുള്ള ഫിഫയുടെ പദ്ധതികളെ എതിർത്ത് തോൽപ്പിക്കാനുള്ള യുവേഫ-കോൺമിബോൾ കൂട്ടുകെട്ടിന്റെ ഭാ​ഗം കൂടിയാണ് ഈ മത്സരമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ പോരാട്ടത്തിൽ ആതിഥേയരായ ഇം​ഗ്ലണ്ടിനെ തോൽപ്പിച്ചാണ് ഇറ്റലി യൂറോ കിരീടമുയർത്തിയത്. അർജന്റീനയാകട്ടെ ആതിഥേയരായ ബ്രസീലിലെ മാറക്കാന സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ വീഴ്ത്തിയാണ് ലാറ്റിനമേരിക്കയിലെ രാജാക്കന്മാരായത്. 28 വർഷത്തെ കിരീടവരൾച്ച അവസാനിപ്പിച്ചുകൊണ്ടുള്ള വിജയമായരുന്നു അർജന്റീനയുടേത്.