SHARE

അര്‍ജന്റീനയുടെ ലോകകപ്പ് സൂപ്പര്‍ താരം ജോണ്‍ ലൂയീസ് ബ്രൗണ്‍ അന്തരിച്ചു. എറെ നാളായി അല്‍ഷിമേഷ്യസ് രോഗം അലട്ടിക്കൊണ്ടിരിക്കുകയായിരുന്നു. 62 വയസ്സായിരുന്നു. മുമ്പ് അദ്ദേഹം കളിച്ചിരുന്ന ക്ലബ്ബാണ് ഇക്കാര്യം ട്വിറ്ററിലൂടെ സ്ഥിരീകരിച്ചത്. ടാറ്റാ എന്ന പേരിലായിരുന്നു അദ്ദേഹം ഫുട്‌ബോള്‍ ലോകത്ത് അറിയപ്പെട്ടിരുന്നത്.

1978 ലേതിനുശേഷം അര്‍ജന്റീന ആദ്യമായും അവസാനമായും നേടുന്ന ലോകകപ്പാണ് 1986 ലേത്. ആ ലോകകപ്പില്‍ മറഡോണയുടെ ടീമില്‍ അംഗമായിരുന്നു ബ്രൗണ്‍. ഫൈനലില്‍ അന്നത്തെ വെസ്റ്റ് ജര്‍മ്മനിയെ തോല്‍പ്പിച്ചായിരുന്നു അര്‍ജന്റീന കിരീടം ചൂടിയത്. ഈ മത്സരത്തില്‍ ആദ്യ ഗോള്‍ അടിച്ചത് ബ്രൗണ്‍ ആയിരുന്നു. 3-2 നായിരുന്നു അര്‍ജന്റീനയുടെ വിജയം.

അര്‍ജന്റീനയ്ക്കു വേണ്ടി 36 മത്സരങ്ങളാണ് അദ്ദേഹം കളിച്ചിട്ടുള്ളത്. എന്നാല്‍ ഈ ലോകകപ്പ് ഗോള്‍ മാത്രമായിരുന്നു അദ്ദേഹത്തിന് നേടാനായിട്ടുള്ളത്. ഈ ഒറ്റ ഗോളിലൂടെ അര്‍ജന്റീനീയന്‍ ആരാധകരുടെ ഹീറോ ആയി മാറാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. അര്‍ജന്റീന, ഫ്രാന്‍സ്, സ്‌പെയിന്‍ എന്നിവിടങ്ങളില്‍ നിരവധി ക്ലബ്ബുകള്‍ക്കു വേണ്ടി ബ്രൗണ്‍ കളിച്ചിട്ടുണ്ട്.

കളിയില്‍ നിന്നും വിരമിച്ച ശേഷം പരിശീലക വേഷത്തിലും അദ്ദേഹം രംഗത്തുണ്ടായിരുന്നു. 2008 ല്‍ ബെയ്ജിംഗ് ഒളിംമ്പിക്‌സില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ അര്‍ജന്റീന അണ്ടര്‍ -23 ടീമിന്റെ പരിശീലകനായിരുന്നു ബ്രൗണ്‍. ലിയോണല്‍ മെസ്സി, സെര്‍ജിയോ അഗ്യൂറോ. ജുവാന്‍ റോമന്‍ എന്നിവര്‍ ഈ ടീമില്‍ അംഗമായിരുന്നു.

ഫുട്‌ബോള്‍ ലോകത്തിന്റെ പ്രിയപ്പെട്ട ടാറ്റയുടെ വേര്‍പാടില്‍ നിരവധി പേരാണ് അനുശോചിച്ചത്. ബ്രൗണ്‍ ഇല്ലായിരുന്നുവെങ്കില്‍ തങ്ങള്‍ക്ക് ആ ലോകകപ്പ് നേടാനാകുമായിരുന്നില്ലെന്നും ഒരിക്കലും ഒന്നിനെക്കുറിച്ചും പരാതി പറയാത്ത വ്യക്തിയായിരുന്നു അദ്ദേഹമെന്നും ഫുട്‌ബോള്‍ ഇതിഹാസം മറഡോണ ട്വിറ്ററില്‍ കുറിച്ചു.