SHARE

കോപ്പ അമേരിക്കയിൽ ഇന്ന് അർജന്റീനയ്ക്ക് ജീവന്മരണ പോരാട്ടമാണ്. നിലവിൽ രണ്ട് മത്സരങ്ങളിൽ ഒരു പോയിന്റ് മാത്രമുള്ള അർജന്റീന പോയിന്റ് പട്ടികയിൽ ഗ്രൂപ്പിൽ നാലാംസ്ഥാനത്താണ്. അത് കൊണ്ടു തന്നെ ക്വാർട്ടറിലേക്ക് യോഗ്യത നേടണമെങ്കിൽ ഇന്ന് ഖത്തറിനെതിരെ അവർക്ക് വിജയം അനിവാര്യമാണ്. ഇന്നും തോൽവി വഴങ്ങുകയാണെങ്കിൽ അർജന്റീന ഇക്കുറി ക്വാർട്ടർ കാണാതെ കോപ്പയിൽ നിന്ന് പുറത്താകും.

അതേ സമയം ഇന്ന് ഖത്തറിനെ തോൽപ്പിച്ചാലും അർജന്റീന ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി ക്വാർട്ടറിലെത്തുമെന്ന കാര്യത്തിൽ ഉറപ്പില്ല. ഖത്തറിനെ തോൽപ്പിക്കുന്നതിനൊപ്പം, ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ കൊളംബിയ, പരാഗ്വേയെ തോൽപ്പിച്ചാലേ അർജന്റീനയ്ക്ക് ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരാവാൻ കഴിയൂ. ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാരായി ഫിനിഷ് ചെയ്താലും അർജന്റീനയ്ക്ക് ക്വാർട്ടറിലെത്താനുള്ള സാധ്യതകളുണ്ട്. മൂന്ന് ഗ്രൂപ്പുകളിൽ നിന്ന് ഏറ്റവും മികച്ച രണ്ട് മൂന്നാം സ്ഥാനക്കാർക്ക് ക്വാർട്ടർ യോഗ്യതയുണ്ട് എന്നതിനാലാണിത്.

എ‌ന്നാൽ ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാരായി ക്വാർട്ടറിലെത്തിയാൽ അവിടെ അർജന്റീനയെ കാത്തിരിക്കുക‌ ചിരവൈരികളായ ബ്രസീലോ, ചിലിയോ ആവും. അർജന്റീന മൂന്നാം സ്ഥാനക്കാരായി ക്വാർട്ടറിലെത്തുന്നത് വഴി ബ്രസീൽ-അർജന്റീന സ്വപ്ന പോരാട്ടത്തിനാകും സാധ്യതകൾ ഒരുങ്ങുക.. എന്നാൽ ഇപ്പോളത്തെ ഫോമിൽ അർജന്റീനയ്ക്ക് ബ്രസീലും, ചിലിയും കടുത്ത എതിരാളികളായിരിക്കും. അത് കൊണ്ടു തന്നെ ഇന്ന് ഖത്തറിനെ തോൽപ്പിച്ച് ഗ്രൂപ്പിലെ രണ്ടാം സ്ഥാനമാകും അർജന്റീന ലക്ഷ്യമിടുക.