SHARE

പോളണ്ടിൽ നടക്കുന്ന അണ്ടർ 20 ലോകകപ്പിൽ അർജന്റീനയ്ക്ക് വിജയത്തുടക്കം. ഗോൾ മഴ കണ്ട മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് കീഴടക്കിയാണ് അർജന്റൈൻ യുവ നിര ലോകകപ്പിൽ വിജയത്തുടക്കം കുറിച്ചത്.

കളി തുടങ്ങി നാലാം മിനുറ്റിൽ വേരയിലൂടെ അർജന്റീന ആദ്യ വെടി പൊട്ടിച്ചു. എന്നാൽ ഇരുപത്തി മൂന്നാം മിനുറ്റിൽ ഫിലിപ്സ് നേടിയ ഗോളിൽ ദക്ഷിണാഫ്രിക്ക മത്സരം ഒപ്പം പിടിച്ചു. ആദ്യ പകുതിക്ക് പിരിയുമ്പോൾ മത്സരം 1-1 ന് സമനിലയിലായിരുന്നു.

രണ്ടാം പകുതിയിലായിരുന്നു അർജന്റീന‌ സംഹാര രൂപം പൂണ്ടത്. ബാർക്കോയുടെ ഇരട്ട ഗോളുകൾക്ക്‌ പുറമേ, അൽ വാരസ്, ഗെയിച്ച് എന്നിവർ കൂടി നേടിയ ഗോളുകൾ ലാറ്റിനമേരിക്കൻ വമ്പന്മാർക്ക് 5-2 ന്റെ ആധികാരിക ജയം സമ്മാനിക്കുകയായിരുന്നു. ചൊവ്വാഴ്ച പോർച്ചുഗലിനെതിരെയാണ് ലോകകപ്പിൽ അർജന്റീനയുടെ അടുത്ത മത്സരം.