SHARE

അര്‍ജന്റീന-ഫ്രാന്‍സ് ലോകകപ്പ് ആദ്യ പ്രീക്വാര്‍ട്ടര്‍ ആവേശകരമായി മുന്നേറുന്നു. പതിമൂന്നാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ മുന്നിലെത്തിയ ഫ്രഞ്ച് പടയ്ക്ക് നാല്പത്തിയൊന്നാം മിനിറ്റില്‍ എയ്ഞ്ചല്‍ ഡിമരിയയുടെ തകര്‍പ്പന്‍ ഗോളിലൂടെ അര്‍ജന്റീനയുടെ മറുപടി. ആദ്യ പകുതിയില്‍ 1-1ന് ഇരുടീമും ഒപ്പത്തിനൊപ്പമാണ്.

4-3-3 ഫോര്‍മേഷനിലാണ് അര്‍ജന്റീന കളത്തിലിറങ്ങിയത്. മറുവശത്ത് ഫ്രാന്‍സാകട്ടെ കഴിഞ്ഞ കളിയില്‍ വെളിയിലിരുത്തിയ സൂപ്പര്‍ താരങ്ങളെയെല്ലാം അണിനിരത്തി 4-2-3-1 ശൈലിയിലും. എതിരാളികള്‍ക്ക് അവസരം നല്കാതെ ശ്രദ്ധിച്ചാണ് ഇരുകൂട്ടരും തുടങ്ങിയത്. അതുകൊണ്ട് തന്നെ ആദ്യ മിനിറ്റുകളില്‍ കാര്യമായ മുന്നേറ്റങ്ങളുണ്ടായതുമില്ല. ഫ്രഞ്ച് താരങ്ങള്‍ സൂപ്പര്‍ താരം ലയണല്‍ മെസിയെ വരിഞ്ഞു മുറുക്കിയതിനാല്‍ അര്‍ജന്റീനയുടെ ആക്രമണങ്ങള്‍ക്ക് തുടക്കത്തില്‍ വേഗത പോരായിരുന്നു.

കളിയുടെ എട്ടാം മിനിറ്റില്‍ കെയ്‌ലന്‍ എംബാപ്പെയെ വീഴ്ത്തിയതിന് ഫ്രാന്‍സിന് അനുകൂലമായ ഫ്രീകിക്ക്. അന്റോണിയോ ഗ്രീസ്മാന്റെ കിക്ക് ക്രോസ് ബാറില്‍ തട്ടി മടങ്ങിയപ്പോള്‍ അര്‍ജന്റീന നിരയില്‍ ആശ്വാസം. വരാനിരിക്കുന്ന നിമിഷങ്ങള്‍ അത്ര സുഖകരമായിരിക്കില്ലെന്ന സൂചനയായിരുന്നു അത്. പതിനൊന്നാം മിനിറ്റില്‍ എംബാപ്പെയുടെ ഉജ്വലമായ സോളോ റണ്‍ അവസാനിച്ചത് പെനാല്‍റ്റിയിലാണ്. സ്വന്തം ഹാഫില്‍ നിന്നു പന്തുമായി കുതിച്ച എംബാപ്പെയെ ബോക്‌സിനുള്ളില്‍ റോജോ വീഴ്ത്തി.

റഫറി ഒരുനിമിഷം ചിന്തിക്കാതെ പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത ഗ്രീസ്മാന് പിഴച്ചില്ല. ഫ്രാന്‍സ് 1-0ത്തിന് മുന്നില്‍. എംബാപ്പെയുടെ വേഗത്തിനു ഒപ്പമെത്താന്‍ അര്‍ജന്റീന പ്രതിരോധക്കാര്‍ പലപ്പോഴും വിയര്‍ത്തു. പത്തൊമ്പതാം മിനിറ്റില്‍ മറ്റൊരു പെനാല്‍റ്റിയില്‍ നിന്ന് അവര്‍ രക്ഷപ്പെട്ടത് ചെറിയ വ്യത്യാസത്തിലാണ്. എംബാപ്പെയെ ബോക്‌സിനു വെളിയില്‍ ഇത്തവണ വീഴ്ത്തിയത് നിക്കോളസ് താഗ്‌ളിഫിക്കോ. എന്നാല്‍ നാല്പത്തിയൊന്നാം മിനിറ്റിലെ തകര്‍പ്പന്‍ ഗോളോടെ അര്‍ജന്റീന കളിയിലേക്ക് തിരിച്ചെത്തി. ബോക്‌സിനു വെളിയില്‍ നിന്നുള്ള ലോംഗ് റേഞ്ചര്‍ വലയിലേക്ക് ഇടിച്ചിറങ്ങുമ്പോള്‍ ഫ്രഞ്ച് താരങ്ങള്‍ക്ക് നോക്കി നില്‍ക്കാനേ സാധിച്ചുള്ളൂ.