SHARE

ഗോളുകളാണ് ഫുട്ബോളിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന് വീണ്ടും തെളിഞ്ഞു. നായകൻ ലയണൽ മെസിയുടെ നേതൃത്വത്തിൽ മത്സരത്തിലുടനീളം കളം നിറഞ്ഞ് കളിച്ചിട്ടും ഐസ്ലൻഡിനെതിരെ സമനിലക്കുരുക്കിൽക്കുടുങ്ങി അർജന്റീന റഷ്യൻ ലോകകപ്പിന് തുടക്കമിട്ടു. ( സ്കോർ : അർജന്റീന 1-1ഐസ്ലൻഡ്) പത്തൊൻപതാം മിനുറ്റിൽ അഗ്യൂറോയിലൂടെ ആദ്യം മുന്നിലെത്തിയ ശേഷമാണ് അർജന്റീനയ്ക്ക് മത്സരത്തിൽ സമനില വഴങ്ങേണ്ടി വന്നത്. മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും, ലഭിച്ച അവസരങ്ങൾ ഗോളുകളാക്കി മാറ്റാൻ കഴിയാതിരുന്നത് അർജന്റീനയ്ക്ക് കനത്ത തിരിച്ചടിയായി. രണ്ടാം പകുതിയിൽ ലഭിച്ച പെനാൽറ്റി നഷ്ടപ്പെടുത്തിയത് ലയണൽ മെസിയെ കുറച്ച് കാലം വേട്ടയാടും. തങ്ങളുടെ കന്നി ലോകകപ്പ് കളിക്കുന്ന ഐസ്ലൻഡിനെ സംബന്ധിച്ചിടത്തോളം സ്വപ്ന തുല്യമായ തുടക്കമാണിത്‌.

പത്തൊൻപതാം മിനുറ്റിൽ സെർജിയോ അഗ്യൂറോയുടെ തകർപ്പൻ ഗോളിലൂടെ മുന്നിലെത്തിയ അർജന്റീനയ്ക്ക് മൂന്ന് മിനുറ്റ് മാത്രമാണ് ലീഡ് തുടരാനായത്. ഇരുപത്തിരണ്ടാം മിനുറ്റിൽ ഫിൻബൊഗാസനിലൂടെ തിരിച്ചടിച്ച ഐസ്ലൻഡ് സമനില ഗോൾ കണ്ടെത്തുകയായിരുന്നു. ആദ്യ പകുതിയുടെ ബാക്കിയുള്ള സമയങ്ങളിലും അർജന്റീന ആക്രമണം തന്നെയായിരുന്നു കളിക്കളത്തിൽ നിറഞ്ഞുനിന്നത്. സൂപ്പർ താരം ലയണൽ മെസി ഐസ്ലൻഡ് പ്രതിരോധത്തിന് പിടിപ്പത് പണിയുണ്ടാക്കി കളിച്ച് കൊണ്ടിരുന്നെങ്കിലും‌ ഗോൾ വല കുലുക്കാൻ മാത്രം അർജന്റീനയ്ക്ക് കഴിഞ്ഞില്ല. ഇതിനിടയിൽ രണ്ട് തവണ പെനാൽറ്റിക്ക് വേണ്ടിയുള്ള അർജന്റീന താരങ്ങളുടെ അപ്പീൽ റഫറി നിരാകരിച്ചതും അവർക്ക് തിരിച്ചടിയായി.

ആദ്യ പകുതിയുടെ തുടർച്ചയെന്നോണം അർജന്റീന ആക്രമണത്തോടെയാണ് രണ്ടാം പകുതിയും ആരംഭിച്ചത്. മെസിയുടെ നേതൃത്വത്തിൽ തന്നെയായിരുന്നു അവരുടെ മുന്നേറ്റങ്ങൾ. തുടർച്ചയായി അർജന്റീന, ആക്രമണം അഴിച്ചു വിട്ടതോടെ ഐസ്ലൻഡ് താരങ്ങൾ സമ്മർദ്ദത്തിലായി. ഇതിന്റെ ഫലമായാണ് അറുപത്തിമൂന്നാം മിനുറ്റിൽ അവർക്ക് അനുകൂലമായി പെനാൽറ്റി ലഭിക്കുന്നത്‌. ബോക്സിനകത്ത് മെസിയെ മഗ്നൂസൺ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റിയെടുക്കാൻ മുന്നോട്ട് വന്നത് മെസി. ആരാധകർ അപ്പോളേക്കും അർജന്റീനയുടെ ലീഡ് ഉറപ്പിച്ചെങ്കിലും മെസിയുടെ കിക്ക് രക്ഷപെടുത്തിയ ഐസ്ലൻഡ് ഗോളി ഹാൽഡോർസൺ അവരുടെ വീര നായകനായി മാറി.

പെനാൽറ്റി നഷ്ടം പിന്നീടുള്ള മെസിയുടെ പ്രകടനത്തിലും ബാധിച്ചു‌ സെറ്റ് പീസിൽ അസാമാന്യ മികവ് പ്രകടിപ്പിക്കുന്ന താരത്തിന് പിന്നീട് ലഭിച്ച ഫ്രീകിക്കുകളും തങ്ങൾക്ക് അനുകൂലമായി മാറ്റാൻ കഴിഞ്ഞില്ല. ഇതിനിടയിലും തന്റെ പ്രതിഭാസ്പർശം പുറത്തെടുക്കുന്ന മികച്ച മുന്നേറ്റങ്ങളുമായി മെസി കളം നിറഞ്ഞെങ്കിലും ഗോൾ മാത്രം അകന്നുനിന്നു. ഭൂരിഭാഗം സമയവും ഐസ്ലൻഡ് പകുതിയിലായിരുന്നു കളിയെങ്കിലും ഫിനിഷിംഗിന്റെ അഭാവം അർജന്റീനയ്ക്ക് വിജയം നേടുന്നതിന് തടസം നിന്നു. ഐസ്ലൻഡിനെതിരെയുള്ള ഇന്നത്തെ മത്സരഫലം അർജന്റീന സംഘത്തെ ഒട്ടും സന്തോഷിപ്പിക്കില്ലെന്നത് ഉറപ്പ്. എന്നാൽ തങ്ങളുടെ ലോകകപ്പ് അരങ്ങേറ്റം കുറിച്ച ഐസ്ലൻഡാകട്ടെ ലാറ്റിനമേരിക്കൻ കരുത്തരെ സമനിലയിൽ തളച്ച അഭിമാനവുമായാണ് മത്സരത്തിൽ നിന്ന് മടങ്ങുന്നത്.