SHARE

അർജന്റീനയും ഐസ്ലൻഡും തമ്മിലുള്ള ലോകകപ്പ് ഡി ഗ്രൂപ്പ് മത്സരത്തിന്റെ ആദ്യ പകുതിക്ക് പിരിയുമ്പോൾ ഇരു ടീമുകളും ഓരോ ഗോളുകൾ വീതം അടിച്ച് തുല്യത പാലിക്കുന്നു. പത്തൊൻപതാം മിനുറ്റിൽ അഗ്യൂറൊയിലൂടെ അർജന്റീന മത്സരത്തിൽ മുന്നിലെത്തിയെങ്കിലും മൂന്ന് മിനുറ്റിന് ശേഷം തിരിച്ചടിച്ച ഐസ്ലൻഡ് മത്സരം സമനിലയിലെത്തിക്കുകയായിരുന്നു. ആക്രമണ ഫുട്ബോൾ കെട്ടഴിച്ച് വിട്ട മെസിയും കൂട്ടരും കളം നിറഞ്ഞ് കളിച്ചപ്പോൾ ലോകകപ്പിലെ അരങ്ങേറ്റക്കാരായിരുന്നിട്ടും പതാറാതെ പിടിച്ചു നിന്ന ഐസ്ലൻഡ് മത്സരത്തിന്റെ ആദ്യ പകുതിയിലെ പ്രകടനത്തോടെ ഫുട്ബോൾ ലോകത്തിന്റെ ഹൃദയം കീഴടക്കി.

അർജന്റീനയുടെ അർധാവസരങ്ങളോടെ തുടങ്ങിയ മത്സരത്തിന്റെ ആദ്യ പകുതിയുടെ എട്ടാം മിനുറ്റിൽ നഷ്ടപ്പെടുത്തിയ ഗോളവസരം ഐസ്ലൻഡിനെ കുറച്ചൊന്നുമല്ല നിരാശപ്പെടുത്തുക. അർജന്റീന ഗോൾകീപ്പർ കബല്ലറോ മാത്രം മുന്നിൽ നിൽക്കെ ഗോൾ നേടാൻ ലഭിച്ച സുവർണാവസരം ബജ്നർസൺ അവിശ്വസനീയമായി നഷ്ടപ്പെടുത്തുകയായിരുന്നു. ഐസ്ലൻഡ് പ്രതിരോധത്തിനിടയിലൂടെ മുന്നേറാനുള്ള മെസിയുടെ ശ്രമങ്ങൾ എതിരാളികൾക്ക് വൻ തലവേദന സൃഷ്ടിച്ച് കൊണ്ടിരിക്കുമ്പോളാണ് അഗ്യൂറോയുടെ ബൂട്ടിൽ നിന്ന് മത്സരത്തിലെ ആദ്യ ഗോൾ പിറക്കുന്നത്. റോജോയിൽ നിന്ന് ലഭിച്ച പന്തിൽ നിന്നുള്ള മാഞ്ചസ്റ്റർ സിറ്റി താരത്തിന്റെ ഇടം കാലൻ ബുള്ളറ്റ് ഷോട്ട് ഐസ്ലൻഡ് ഗോൾ വല കീറി മുറിക്കുമ്പോൾ മത്സരത്തിൽ അർജന്റീന മുന്നിൽ. എന്നാൽ അവരുടെ ഗോൾ ലീഡ് അധിക നേരം നിലനിന്നില്ല മൂന്ന് മിനുറ്റിന് ശേഷം മത്സരത്തിന്റെ ഇരുപത്തിരണ്ടാംമിനുറ്റിൽ ഫിൻബൊഗാസനിലൂടെ ഐസ്ലൻഡ് മത്സരത്തിലേയും, തങ്ങളുടെ ലോകകപ്പ് ചരിത്രത്തിലേയും ആദ്യ ഗോൾ നേടി. ഇതോടെ മത്സരം സമനിലയിലുമെത്തി. സ്കോർ : അർജന്റീനാ 1-1 ഐസ്ലൻഡ്.

ഗോൾ വഴങ്ങേണ്ടി വന്ന അർജന്റീന പിന്നീട് തുടർച്ചയായ ആക്രമണങ്ങളിലൂടെ ഐസ്ലൻഡ് ഗോൾ മുഖം വിറപ്പിച്ചുകൊണ്ടിരുന്നെങ്കിലും ഗോൾ നേടാൻ മാത്രം അവർക്ക് കഴിഞ്ഞില്ല. മെസിയായിരുന്നു അർജന്റീന നിരയിലെ താരം. തുടർച്ചയായ മുന്നേറ്റങ്ങളിലൂടെ മെസി കളി തുടർന്നപ്പോൾ ഐസ്ലൻഡ് പ്രതിരോധത്തിന് പിടിപ്പത് പണിയായി. ഇതിനിടയിൽ പെനാൽറ്റിക്ക് വേണ്ടിയുള്ള അർജന്റീന താരങ്ങളുടെ ആവശ്യം രണ്ട് തവണ റഫറി അനുവദിക്കാതിരുന്നതും ലാറ്റിനമേരിക്കൻ കരുത്തർക്ക് തിരിച്ചടിയായി.