SHARE

മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ മകന്‍ വീണ്ടും വാര്‍ത്തകളില്‍ ഇടംനേടുന്നു. കുച്ച് ബിഹാര്‍ ട്രോഫി അണ്ടര്‍ 19 ടൂര്‍ണമെന്റിലാണ് അര്‍ജുന്‍ തെണ്ടുല്‍ക്കറിന്റെ മാസ്‌കമരിക ബൗളിംഗ് പ്രകടനം. റെയില്‍വേസിനെതിരായ ബഹുദിന മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്‌സിലായിരുന്നു ഇടംകൈയന്‍ പേസറായ അര്‍ജുന്‍ കൊടുങ്കാറ്റായത്.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത മുംബൈ ആദ്യ ഇന്നിംഗ്‌സില്‍ 93 ഓവറില്‍ അടിച്ചെടുത്തത് 389 റണ്‍സ്. യഷ്‌വി ജയ്‌സ്‌വാള്‍ 218 റണ്‍സെടുത്തപ്പോള്‍ സിദാക് സിംഗ് 63 റണ്‍സോടെ മികച്ച പിന്തുണ നല്കി. മറുപടിയായി ആദ്യ ഇന്നിംഗ്‌സില്‍ റെയില്‍വേ 150 റണ്‍സിന് പുറത്തായി. ഫോളോഓണ്‍ ചെയ്ത റെയില്‍വേ രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയപ്പോഴാണ് അര്‍ജുന്റെ ഗംഭീര പ്രകടനം. ഓപ്പണര്‍മാരെ തുടക്കത്തിലെ തിരിച്ചയച്ച അര്‍ജുന്‍ 36 റണ്‍സ് വഴങ്ങിയാണ് നാലുവിക്കറ്റ് വീഴ്ത്തിയത്. ഇന്നിംഗ്‌സ് തോല്‍വി മുന്നില്‍ കാണുന്ന റെയില്‍വേ രണ്ടാം ഇന്നിംഗ്‌സില്‍ ഏഴിന് 124 റണ്‍സെന്ന നിലയിലാണ്.

സച്ചിനില്‍ നിന്നും വ്യത്യസ്തമായി ബൗളിംഗിലാണ് അര്‍ജുന്റെ ശ്രദ്ധ മുഴുവന്‍. ഇടംകൈയനായ അര്‍ജുന്‍ ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരേ നെറ്റ്‌സില്‍ പന്തെറിഞ്ഞ് വാര്‍ത്ത സൃഷ്ടിച്ചിരുന്നു. അന്ന് ഇംഗ്ലീഷ് താരം ജോണി ബെയര്‍സ്‌റ്റോയുടെ കൈയ്ക്ക് പരിക്കേറ്റത് അര്‍ജുന്റെ പന്തേറ്റായിരുന്നു. മികച്ച പേസിലും ബൗണ്‍സിലും പന്തെറിയുന്ന ഈ യുവതാരം നാളെയുടെ പ്രതീക്ഷയെന്നാണ് വിലയിരുത്തപ്പെടുന്നത്.