SHARE

എതിര്‍ ടീമിന് പെനാല്‍ട്ടി നല്‍കിയ റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ചതിന് ആഴ്‌സണലിന് ഫുട്‌ബോള്‍ അസോസിയേഷന്‍ (എഫ് എ) 20000 യൂറോ പിഴ ചുമത്തി. ഈ മാസം പത്തിന് ലെസ്റ്റര്‍ സിറ്റിക്കെതിരെ 3-1ന് ആഴ്‌സണല്‍ പരാജയപ്പെട്ട മത്സരത്തിലായിരുന്നു സംഭവം.

ആഴ്‌സണലിന്റെ ഗ്രീക്ക് താരം കോണ്‍സ്റ്റാന്റിനോസ് മത്സരത്തിന്റെ 15ാം മിനുട്ടില്‍ റെഡ് കാര്‍ഡ് കണ്ട് മടങ്ങിയിരുന്നു. പത്തു പേരായി ചുരുങ്ങിയ ആഴ്‌സണല്‍ ലെസ്റ്ററുമായി 1-1ന് സമനിലയില്‍ നില്‍ക്കുമ്പോഴായിരുന്നു വിവാദം അരങ്ങേറിയത്. 75ാം മിനുട്ടില്‍ ഹെന്റിക് മിഖിതര്യന്‍ ലെസ്റ്റര്‍ താരം ഡെമറായ് ഗ്രെയെ ഫൗള്‍ ചെയ്തതിന് റഫറി ലെസ്റ്ററിന് അനുകൂലമായി പെനാല്‍ട്ടി അനുവദിച്ചു.

ഇതില്‍ പ്രതിഷേധിച്ച് ആഴ്‌സണല്‍ താരങ്ങള്‍ റഫറി ഗ്രഹാം സ്‌കോട്ടിനെ വളഞ്ഞു. ഇതോടെ എഫ് എ നടപടികള്‍ ആരംഭിക്കുകയായിരുന്നു. ആഴ്‌സണല്‍ കുറ്റം സമ്മതിച്ചുവെന്ന് എഫ് എ അധികൃതര്‍ വ്യക്തമാക്കി. വിവാദമായ പെനാല്‍ട്ടി ജെയ്മി വാര്‍ഡി ഗോളാക്കി മാറ്റിയിരുന്നു.