SHARE

മുൻ യുവന്റെസ് പരിശീലകൻ മസിമിലിയാനോ അലെഗ്രിയുമായി ആഴ്സണൽ അധികൃതർ ബന്ധപെട്ടതായി റിപ്പോർട്ടുകൾ.കഴിഞ്ഞ ദിവസം സതാംപ്ടണുമായി നടന്ന മത്സരം 2-2ന് സമനിലയിലായതോടെ സ്പെയിൻകാരനായ കോച്ച് യുനായ് എമ്റി പുറത്താക്കലിന്റെ വക്കിലാണ്. അങ്ങനെയെങ്കിൽ അലെഗ്രിയായിരിക്കും പുതിയ മാനേജർ.

അവസാനമായി നടന്ന ഏഴു കളികളിൽ നിന്നും ഒരു ജയം മാത്രമാണ് ആഴ്സണലിന് എമ്റിയുടെ കീഴിൽ നേടാനായത്. ഈ മാസം ആദ്യവാരത്തിൽ നടന്ന കളിയിൽ ലെസ്റ്റർ സിറ്റിയോട് 2-0ന് ആഴ്സണൽ പരാജയപെട്ടിരുന്നു. ഇതിന് ശേഷം ടീമിനെ തിരിച്ച് ട്രാക്കിലെത്തിക്കാൻ ഒരു മാസം സമയം എമ്റിക്ക് ആഴ്സണൽ മാനേജ്മെന്റ് നൽകിയതായി റിപ്പോർട്ടുണ്ട്. എന്നിട്ടും ടീമിനെ വിജയവഴിലെത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. അടുത്ത മൽസരത്തിലും മോശം പ്രകടനം തുടരുകയാണങ്കിൽ എമ്റിയുടെ പരിശീലക സ്ഥാനം തെറിക്കാനാണ് സാധ്യത. അദ്ദേഹത്തെ പുറത്താക്കുന്നതിനായി ഗണ്ണേഴ്സ് ആരാധകർ മുറവിളി കൂട്ടി തുടങ്ങിയിട്ടുണ്ട്.

കഴിഞ്ഞ സീസൺ അവസാനത്തോടെ യുവന്റെസ് വിട്ടു പോയ അലെഗ്രി നിലവിൽ ഒരു ടീമിനെയും പരിശീലിപ്പിക്കുന്നില്ല. അലെഗ്രിക്ക് കീഴിൽ യുവന്റസ് അഞ്ച് സീരി – എ കിരീടങ്ങൾ നേടിയിട്ടുണ്ട്. ചാമ്പ്യൻസ് ലീഗിൽ മികച്ച പ്രകടനവും പുറത്തെടുക്കാനായി. അതേ സമയം ഒസിൽ അടക്കമുള്ള താരങ്ങൾ എമ്റിയുമായി അത്ര നല്ല ബന്ധത്തിലല്ല. എമ്റി പരിശീലക സ്ഥാനത്ത് തുടരുകയാണങ്കിൽ പ്രമുഖ താരങ്ങൾ ടീം വിട്ടുപോകുമെന്നും ഭീഷണി മുഴക്കിയതായി റിപ്പോർട്ടുകൾ വരുന്നുണ്ട്.